സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് കാസർകോഡ് സ്വദേശിയായ 48കാരൻ
Tuesday 07 July 2020 10:35 PM IST
കാസർകോഡ്: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർകോഡ് മൊഗ്രാൽ സ്വദേശിയായ ബി.എം അബ്‌ദുൾ റഹ്‌മാൻ ആണ് മരണമടഞ്ഞത്. 48 വയസ്സായിരുന്നു. കർണാടക ഹൂബ്ലിയിൽ നിന്നുമാണ് അബ്‌ദുൾ റഹ്‌മാൻ സംസ്ഥാനത്ത് എത്തിയത്. കാസർകോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസം മുൻപാണ് മനോജ് ദുബായിൽ നിന്നും നാട്ടിലേക്ക് എത്തിയത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 272 പേർക്കാണ്. 68 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. 111 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. രോഗികളിൽ 157 പേർ വിദേശത്തുനിന്നും 38 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.