ജോസിനെ കൈവിടരുതെന്ന് രാഹുൽ ; ഇടതു പ്രേമം അവസാനിപ്പിച്ച് ജോസ്

Wednesday 08 July 2020 12:00 AM IST

കോട്ടയം : യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ തിരിച്ചെടുക്കുന്നതിന്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ജോസ് കെ. മാണിയുമായി രാഹുൽ ഫോണിൽ ബന്ധപ്പെട്ടു. പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് രാഹുൽ ഉറപ്പ് നൽകിയതായാണ് അറിയുന്നത്.

നേരത്തേ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയഗാന്ധി ജോസുമായി ചർച്ച നടത്തിയ വിവരം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും രാഹുൽഗാന്ധി ഫോണിൽ സംസാരിച്ചു.

രണ്ട് എം.പിമാരുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിടുന്നത് പാർലമെന്റിൽ അംഗബലം കുറവുള്ള യു.പിഎയ്ക്ക് ദോഷം ചെയ്യുമെന്നും അതിനാൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും രാഹുൽ നേതാക്കളോട് പറഞ്ഞു.

ഇതേ തുടർന്നാണ് തങ്ങൾ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും എം.പി സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രനുള്ള മറുപടിയായി കഴിഞ്ഞദിവസം ജോസ് പ്രതികരിച്ചത്. ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് ഇടതുമുന്നണിയിൽ പോകാനുള്ള നീക്കം തത്കാലത്തേക്ക് മരവിപ്പിച്ചതിന്റെ സൂചനയാണ്.

സ്വർണക്കടത്ത് രാഷ്ടീയ വിവാദമായതും ഇടത് പ്രവേശനത്തിന് വിലങ്ങുതടിയായി.

അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ ജോസ് വിഭാഗത്തെ യു.ഡി.എഫിലേക്ക് തിരിച്ചെടുത്താൽ അത് കോൺഗ്രസ് നേതാക്കൾക്കും ക്ഷീണമാകും.