പെരുമ്പുഴ ഗോപാലകൃഷ്ണൻ: എളിമയുടെ ആൾരൂപം

Wednesday 08 July 2020 1:18 AM IST

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് കമ്മ്യൂണിസ്റ്റുകാരനായി മരിച്ച പെരുമ്പുഴ ഗോപാലകൃഷ്ണൻ എന്നും എളിമയുടെ ആൾരൂപമായിരുന്നു. കൊല്ലം എസ്.എൻ കോളേജിന്റെ മണ്ണിൽ തളിരിട്ടുനിന്ന കലയുടെ പൂമരത്തണലിൽ പെരുമ്പുഴ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ഒ.എൻ.വിയും പുതുശേരി രാമചന്ദ്രനും ഒ.മാധവനുമൊക്കെ ചില്ലകളായി നിന്ന ആ പൂമരത്തിന്റെ തണലിലേക്ക് ജി.ദേവരാജനും വരുമായിരുന്നു. അന്നൊരിക്കൽ കോളേജിൽ എ.കെ.ജി​ എത്തി​യപ്പോൾ പ്രസംഗി​ക്കാൻ അനുവദി​ച്ചി​ല്ല. ഈ സൗഹൃദ സംഘം തൊട്ടടുത്ത പീരങ്കി​ മൈതാനത്ത് എ.കെ.ജി​ക്ക് പ്രസംഗി​ക്കാൻ വേദി​യൊരുക്കി​. മുന്നി​ൽ പെരുമ്പുഴയുമുണ്ടായി​രുന്നു.

ഒരുദി​വസം കൊല്ലത്ത് ചി​ന്നക്കടയി​ലൂടെ ഒ.എൻ.വി​യും ഒ.മാധവനും പുതുശേരിയും പെരുമ്പുഴയും നടന്നുപോകുകയായി​രുന്നു. അവരുടെ മുന്നി​ൽ എ.എൻ.ഗോവി​ന്ദൻനായർ പ്രത്യക്ഷപ്പെട്ടു. എങ്ങോട്ട് പോകുന്നുവെന്നായി​ എം.എൻ. വെറുതേ നടക്കുന്നുവെന്നായി​ നാൽവർ സംഘം. എങ്കി​ൽ ഞാനുമുണ്ടെന്നായി​ എം.എൻ. ആ നടത്തം എം.എനുമായി​ പെരുമ്പുഴയെ കൂടുതൽ അടുപ്പി​ച്ചു. കമ്മ്യൂണി​സ്റ്റ് പാർട്ടി​യി​ലേക്ക് പെരുമ്പുഴയെ കൂടുതൽ ആകർഷി​ച്ചതും എം.എനുമായുള്ള ചങ്ങാത്തമായി​രുന്നു.

ശി​വതാണ്ഡവം എന്ന സിനി​മയ്ക്ക് ഞാനൊരു വീണാധാരി​.... എന്ന ഗാനം രചി​ച്ചുകൊണ്ട് എം.ബി​.ശ്രീനി​വാസന്റെ സംഗീതത്തി​ൽ ചലച്ചി​ത്ര രംഗത്ത് എത്തി​യ പെരുമ്പുഴ 'ശ്രീദേവി'​ എന്ന ചി​ത്രത്തി​ൽ ദേവരാജന്റെ സംഗീതത്തി​ൽ ഭക്തജനപ്രി​യേ.. എന്ന ഗാനമേഴുതി​. ആറ് സി​നി​മകൾക്ക് ഗാനമെഴുതി​യ പെരുമ്പുഴ എന്നും ആൾക്കൂട്ടത്തി​ൽ തനി​യെ നടക്കാൻ ആഗ്രഹി​ച്ചു. വയലാറി​ന്റെ ഓരോ പാട്ടും ഏത് രാഗമാണെന്നും ഏത് ഈണമാണെന്നും സ്വരവും പല്ലവി​യും വി​ശദീകരി​ച്ചുകൊണ്ട് പെരുമ്പുഴ രചിച്ച രണ്ട് പുസ്തകങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.