അണികൾക്കും നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടായതിൽ വിഷമമുണ്ട്, മുത്തലാഖ് വിവാദത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Friday 04 January 2019 12:21 PM IST

തിരുവനന്തപുരം: ലോക്സഭയിലെ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്. ലോക്‌സഭയിൽ നടന്ന ചർച്ചയിൽ താൻ പങ്കെടുക്കാത്തിനെ തുടർന്ന് അണികൾക്കും നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടായതിൽ വിഷമമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

മുത്തലാഖ് വിഷയത്തിൽ ലീഗിന്റെ നിലപാട് സഭയിൽ പറയാൻ അന്ന് ഇ.ടി മുഹമ്മദ് ബഷീറിനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം അക്കാര്യം ഭംഗിയായി ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തന്നോട് ആലോചിച്ച ശേഷമാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇ.ടി തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതേസമയം, അന്ന് സഭയിൽ വാരാതിരുന്നവരിൽ കേരളത്തിൽ നിന്നുള്ള സി.പി.എം, സി.പി.ഐ. അംഗങ്ങളുണ്ട്. അവരോട് അതത് പാർട്ടികൾ വിശദീകരണം ചോദിച്ചോയെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.