"കൊവിഡ് ലക്ഷണങ്ങളായതിനാലാണ് സർക്കാർ നിർദേശമനുസരിച്ച് ദിശയിൽ വിളിച്ചതും അനാവശ്യമായ ഏർപാടുകൾക്ക് ഇടയായതും": അസുഖം ഭേദമായ വാർത്ത പങ്കുവച്ച് സനൽകുമാർ ശശിധരൻ

Wednesday 08 July 2020 2:40 PM IST

അസുഖം മാറിയ വാർത്ത ഫേസ്ബുക്കിൽ പങ്കുവച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. സുഖാന്വേഷണം നടത്തിയവരോട് സംവിധായകൻ നന്ദിയും അറിയിച്ചിട്ടുണ്ട്. "പനി ഇത്തവണ രണ്ട് ദിവസത്തിനകം തിരികെ വന്നതുകൊണ്ടും കൊറോണയുടേതെന്ന് പറയപ്പെടുന്ന ലക്ഷണങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ടുമാണ് സർക്കാർ നിർദ്ദേശമനുസരിച്ച് ദിശയിൽ വിളിച്ചതും അനാവശ്യമായ കുറേ ഏർപാടുകൾക്കു ഇടയായതും.

എന്തായാലും ഇത്തവണ പനി പതിവില്ലാതെ എട്ട് ദിവസത്തോളം മതിലിനപ്പുറത്ത് നിൽക്കുന്ന ആനയുടെ അനക്കം പോലെ എന്നെ ഉറക്കാതെ ഇരുത്തി. എന്തായാലും പുള്ളി വിടവാങ്ങിയിട്ടുണ്ട്"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പനിയും തൊണ്ടവേദനയും പൂർണമായും മാറി. ഇന്നലെ കാറ്റടിച്ചാൽ പറന്നുപോകുന്നത്ര നല്ല ക്ഷീണമുണ്ടായിരുന്നു. ഇന്ന് അതും കുറവുണ്ട്. ആറേഴ് വർഷമായി പനിവന്നാൽ എന്റെ ഒറ്റമൂലി പപ്പായ ഇലയുടെ നീരാണ്. (ശാസ്ത്രീയമായ ഒരടിത്തറയുമില്ല. സൈഡ് എഫക്ടുകളെക്കുറിച്ചും അറിയില്ല. ഒരു സമയത്ത് ഡെങ്കിപ്പനി ആളെക്കൊന്നുകൊണ്ടിരുന്ന സമയത്ത് എന്റെ ഒരു ബന്ധുവിനു വേണ്ടി എന്റെ ഒരു സുഹൃത്ത് നിർദ്ദേശിച്ചതാണ്. അതിന്റെ പിന്നാലെ കുറേ വായിച്ച് നടന്നു. ബന്ധുവിനെ അത് കുടിപ്പിച്ചു.

ദിനം പ്രതി പ്ലേറ്റ്‌ലറ്റ് കൌണ്ട് താഴേക്ക് പൊയ്ക്കൊണ്ടിരുന്ന അയാൾ മാജിക്ക് പോലെ പിറ്റേ ദിവസം മുതൽ ഊർജ്ജസ്വലയായി. അതിനു ശേഷം എനിക്കൊരു പനി വന്നപ്പോൾ ഒരു കൌതുകത്തിന് എന്ത് പനിയാണെന്ന് പോലും നോക്കാതെ തുടങ്ങിയതാണ് ഈ പരിപാടി. പനിമാറി. പിന്നെ അതൊരു സ്വയംചികിത്സയായി പനിവന്നാൽ ആദ്യം തേടുക പപ്പായയായി. സാധാരണ ഒരുതവണ സേവിച്ചാൽ തന്നെ മാറുന്ന പനി ഇത്തവണ രണ്ട് ദിവസത്തിനകം തിരികെ വന്നതുകൊണ്ടും കൊറോണയുടേതെന്ന് പറയപ്പെടുന്ന ലക്ഷണങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ടുമാണ് സർക്കാർ നിർദ്ദേശമനുസരിച്ച് ദിശയിൽ വിളിച്ചതും അനാവശ്യമായ കുറേ ഏർപാടുകൾക്കു ഇടയായതും.

എന്തായാലും ഇത്തവണ പനി പതിവില്ലാതെ എട്ട് ദിവസത്തോളം മതിലിനപ്പുറത്ത് നിൽക്കുന്ന ആനയുടെ അനക്കം പോലെ എന്നെ ഉറക്കാതെ ഇരുത്തി. എന്തായാലും പുള്ളി വിടവാങ്ങിയിട്ടുണ്ട്. മിനഞ്ഞാന്ന് രാത്രി വരെ തൊണ്ട വേദന ഉണ്ടായിരുന്നു. തുടരെ മഞ്ഞൾ ചേർത്തുള്ള ഉപ്പുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുകയായിരുന്നു. അതും മാറിയിട്ടുണ്ട്. നേരിയ ഒരു തലവേദന മാത്രം ബാക്കിയുണ്ട്. പനി മാറിയ സ്ഥിതിക്ക് കോവിഡ് ടെസ്റ്റ് ചെയ്യണ്ട എന്നാണ് നിർദ്ദേശം. എന്തായാലും കുറച്ച് ദിവസം കൂടി ഏകാന്ത വിശ്രമം തുടരുന്നു. സ്നേഹാന്വേഷണം നടത്തിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി