തിരുവനന്തപുരം നഗരപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

Thursday 09 July 2020 9:13 AM IST

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം.

ഈ സമയങ്ങളിൽ ഒരുകാരണവശാലും വിൽപ്പന പാടില്ല. വിൽപ്പന നടത്തുന്ന സമയങ്ങളിൽ കർശനമായ കൊവിഡ് മാനണ്ഡങ്ങൾ പാലിക്കണം. തിരുവനന്തപുരം കോർപ്പറേഷൻ, കണ്ടെയിൻമെന്റ് സോൺ പരിധിക്കുള്ളിൽ ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തനം പാടില്ല. ട്രിപ്പിൾ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ അതേപടി തുടരും.