സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ക്വാറന്റൈനിൽ, രോഗം സ്ഥിരീകരിച്ച ഏരിയാകമ്മിറ്റി അംഗത്തിന്റെ സമ്പർക്കപ്പട്ടികയിൽ വന്നതിനെതുടർന്ന്
പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ക്വാറന്റൈനിൽ. കൊവിഡ് സ്ഥിരീകരിച്ച ഏരിയാകമ്മിറ്റി അംഗത്തിന്റെ സമ്പർക്കപ്പട്ടികയിൽ വന്നതിനെ തുടർന്നാണിത്. ശിശുക്ഷേമ സമിതി ചെയർമാനും ക്വാറന്റൈനിലാണ്. ജില്ലയിൽ രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞദിവസം എം എസ് എഫ് നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സി പി എം ഏരിയാ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. ഏരിയാ കമ്മിറ്റി അംഗത്തിന്റെ സമ്പർക്കപ്പട്ടിക വിപുലമാണ്. നിരവധി പാർട്ടി പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇതിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തിരുന്നു . ഇതാണ് കടുത്ത ആശങ്ക ഉയർത്തുന്നത്.
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.