സ്വർണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണം; ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് വിട്ടു

Thursday 09 July 2020 2:54 PM IST

കൊച്ചി: സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജി ഹൈക്കോടതിൽ. കേസ് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിൽ വയ്ക്കാൻ സിംഗിൾ ബെഞ്ച് രജിസ്ട്രിയോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് കേസ് എവിടെ പരിഗണിക്കണം എന്ന് തീരുമാനിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് പൊതു താത്പര്യ ഹർജിയായി പരിഗണിക്കണോ വേണ്ടയോ എന്നും ചീഫ് ജസ്റ്റിസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

കളളക്കടത്തിൽ വിദേശ പണമിടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തെത്തുടർന്ന് ഫെമാ നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനിച്ചിരിക്കുകയാണ്. മുഖ്യപ്രതികളെ കസ്റ്റംസ് പിടികൂടിയ ശേഷമാകും എൻഫോഴ്സ്മെന്‍റ് നടപടികൾ തുടങ്ങുക.

അതേസമയം സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിന്‍റെ കാര്യത്തിൽ ഇടപെട്ടതെന്നാണ് സ്വപ്നയുടെ വിശദീകരണം. മാദ്ധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നും, അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താൻ തനിക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്നും സ്വപ്നയുടെ ഹ‍ർജിയിൽ പറയുന്നു.