സ്വർണക്കടത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ്; ദൃശ്യങ്ങൾ നൽകാൻ കമ്മീഷണർക്ക് ഡി.ജി.പിയുടെ നിർദ്ദേശം

Thursday 09 July 2020 3:57 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ്, സ്വപ്നയുടെ ഓഫീസ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് കത്ത് നൽകി. ഇതനുസരിച്ച് ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പി നിർദ്ദേശിച്ചു.

ലോക്ക്ഡൗണിനിടയിലും ഡിപ്ലോമാറ്റിക് കാർ​ഗോ വഴി സരിൻ സ്വർ‌ണം കടത്തി എന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പുറത്തേക്കെത്തിക്കാൻ ഉപയോ​ഗിച്ച വാഹനം ഏതാണ് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് കസ്റ്റംസ് പൊലീസ് സഹായം തേടിയത്. വിമാനത്താവളത്തിലെ കാർ​ഗോയിലേക്ക് പോകുന്ന റോഡിന് ഇരുവശവുമുള്ള പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ‌ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും സി.സി.ടി.വി ദൃശ്യങ്ങൾ നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ, കസ്റ്റംസ് അത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കാണിച്ച് പൊലീസ് വാർത്താക്കുറിപ്പ് പുറത്തിറക്കി. സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള കത്ത് പൊലീസ് ആസ്ഥാനത്തോ ഡി.ജി.പിക്കോ കസ്റ്റംസ് നൽകിയിട്ടില്ലെന്നായിരുന്നു വാർത്താക്കുറിപ്പിലെ വിശദീകരണം. ഇതിനു പിന്നാലെയാണ് കസ്റ്റംസ് ഔദ്യോ​ഗികമായി ഡി.ജി.പിക്ക് കത്ത് നൽകിയത്.