65ലെ ചരിത്രം ഇ.എം.എസ് എഴുതിയത് വായിച്ചുനോക്കണം:കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സി.പി.എം 1965ലെ തിരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിച്ചുവെന്നതിനെക്കുറിച്ച് താൻ പറഞ്ഞത് ചരിത്ര വസ്തുതയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് കാനത്തിന്റെ പ്രതികരണം.
ഇ.എം.എസിന്റെ സമ്പൂർണ്ണകൃതികളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിലെ സഞ്ചയിക 31, 35 എന്നിവ വായിച്ചുനോക്കിയാൽ മതി. മുസ്ലിംലീഗും ഞങ്ങളുമായി (സി.പി.എം) ചില തിരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കിയിട്ടുണ്ടെന്നും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിറുത്താനും സഹായിക്കാനും കാസർകോട്, കണ്ണൂർ, കോഴിക്കോട് രണ്ട്, ഗുരുവായൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിലൊക്കെ ഈ ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചെന്നും കൃതിയിലെ ഉദ്ധരണി വായിച്ച് കാനം വ്യക്തമാക്കി.
29 സീറ്റുകളിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന് ഇ.എം.എസ് തന്നെ പറഞ്ഞു. അതിൽ 13ൽ അവർ ജയിച്ചു. സ്വതന്ത്രന്മാരിൽ ലീഗുമായി ചേർന്ന് നിറുത്തിയതിൽ ആറ് പേർ ജയിച്ചു. അഞ്ച് പേർ തിരിച്ച് ലീഗിൽ പോയി. ഇതൊക്കെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രമാണ്. മുഖ്യമന്ത്രിക്ക് അറിയാൻ പാടില്ലെന്നല്ല. പക്ഷേ അദ്ദേഹമത് മറച്ചുവച്ചു. 65ലെ ചരിത്രം അല്പംകൂടി വായിക്കണമെന്നാണ് താൻ കോടിയേരിയോട് പറഞ്ഞത്. മുഖ്യമന്ത്രി ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ അതിന് മറുപടി പറയേണ്ട ആവശ്യമില്ലായിരുന്നു. അത് ഉചിതമല്ല. ഒരു നിമിഷം അദ്ദേഹം പാർട്ടിയുടെ പി.ബി അംഗമോ പഴയ പാർട്ടി സെക്രട്ടറിയോ ആയിപ്പോയതായിരിക്കുമെന്നും കാനം പറഞ്ഞു.