ഐ എ എസ് എന്ന 'സ്വപ്‌നനേട്ടം' ശിവശങ്കര്‍ സ്വന്തമാക്കിയതെങ്ങനെ ? പിണറായിയുമായുള്ള അവിശുദ്ധ ബന്ധത്തിന് രണ്ട് ദശാബ്ദത്തെ പഴക്കമുണ്ടെന്ന് ശശികുമാര്‍

Friday 10 July 2020 1:29 PM IST

തലസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെ അടിവേരുകള്‍ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരിയിലേക്ക് നീണ്ടതോടെ സര്‍ക്കാരും പ്രതിസന്ധിയിലാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്‌ന സുരേഷ് എന്ന യുവതിക്ക് എങ്ങനെ സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് പരിശോധിക്കണമെന്ന് നിരവധി പേരാണ് ആവശ്യമുന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ ശിവശങ്കര്‍ ഐഎസിന് ആ സ്ഥാനം നഷ്ടമായിരിക്കുകയാണ്. നീണ്ട അവധിക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഈ അവസരത്തില്‍ എങ്ങനെയാണ് ശിവശങ്കര്‍ ഐ എ എസ് പദവി സ്വന്തമാക്കിയതെന്ന് വിശദീകരിക്കുകയാണ് മുന്‍ കേരള കുസാറ്റ് സിന്‍ഡിക്കേറ്റംഗമായ ആര്‍ എസ് ശശികുമാര്‍.

പിണറായിയും ശിവശങ്കറുമായുള്ള അവിശുദ്ധ ഇടപെടലുകള്‍ക്ക് രണ്ട് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നാരോപിക്കുന്ന അദ്ദേഹം കണ്‍ഫേര്‍ഡ് ഐ എ എസ് എങ്ങനെ ശിവശങ്കര്‍ സ്വന്തമാക്കി എന്നും വിശദീകരിക്കുന്നു.

രണ്ടായിരമാണ്ടില്‍ അഞ്ചു പേര്‍ക്കാണ് കണ്‍ഫേര്‍ഡ് ഐ എ എസ് കൊടുക്കുവാന്‍ കഴിയുമായിരുന്നത്. ഇതിനായി പതിനഞ്ച് പേരുടെ പട്ടികയായിരുന്നു യുപിഎസ് സിയിലേക്ക് സംസ്ഥാനം സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ പതിനേഴാമനായിരുന്നു ശിവശങ്കര്‍. തുടര്‌ന്ന് പട്ടികയില്‌ മുന്‌പിലുണ്ടായിരുന്ന നടേശന്‍ എന്ന ഡെപ്യൂട്ടി കളക്ടറെ അനാവശ്യമായി സസ്‌പെന്‍ഡ് ചെയ്ത ശേഷം കേന്ദ്രത്തിന് സമര്‍പ്പിക്കുവാനുള്ള പട്ടികയില്‍ ശിവശങ്കറിന്റെ പേര് തിരികി കയറ്റുകയായിരുന്നു എന്നാണ് ശശികുമാര്‍ ആരോപിക്കുന്നത്.