അപകടത്തിലേക്ക് നാട്ടുകാരെ ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെയെന്ന് ആഷിഖ് അബു

Friday 10 July 2020 3:44 PM IST

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സൂപ്പര്‍ സ്പ്രഡ് സംഭവിച്ചുവെന്ന് കണ്ടെത്തിയ തലസ്ഥാന ജില്ലയിലെ പൂന്തുറയില്‌ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്‍ഡോകളടക്കമുള്ള പൊലീസ് വിഭാഗങ്ങളെ ഇതിന്റെ ഫലമായി ഈ മേഖലയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇന്നു രാവിലെ ഇവിടെയുള്ള ജനങ്ങള്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. അപവാദ പ്രചരണങ്ങള്‍ തങ്ങള്‍ക്കു നേരെ നടത്തുന്നു എന്ന ആക്ഷേപമാണ് ജനക്കൂട്ടം ഉന്നയിച്ചത്.

എന്നാല്‍ ജനക്കൂട്ടത്തെ ഭരണകൂടത്തിനെതിരെ തിരിച്ച് ചിലര്‍ കലാപത്തിന് ശ്രമിക്കുന്നു എന്ന് സംവിധായകന്‍ ആഷിഖ് അബു ആരോപിക്കുന്നു. ജനത്തെ അപകടത്തിലേക്ക് ഇളക്കിവിട്ട് നാട്ടില്‍ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഈ വിഷയത്തില്‍ ആരോഗ്യമന്ത്രിയും പ്രതികരിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. പത്തോളം ഹെല്‍പ്പ് ഡസ്‌ക്കുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ഇവിടെയുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അണികളെ നേതാക്കന്‍മാര്‍ പറഞ്ഞു മനസിലാക്കണം, പ്രതിഷേധം ഇങ്ങനെയല്ല നടത്തേണ്ടതെന്നും, മാസ്‌ക് പോലും ധരിക്കാതെ ജനക്കൂട്ടം തിങ്ങിക്കൂടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.