സ്വർണക്കടത്തിൽ സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
കൊച്ചി: സ്വർണക്കടത്ത് കേസിൽ സരിത്തിനേയും സ്വപ്‌ന സുരേഷിനേയും ഒന്നും രണ്ടും പ്രതികളാക്കി എൻ.ഐ.എ കുറ്റപത്രം. ഹൈക്കോടതിയിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കേസിൽ കസ്‌റ്റംസ് പ്രതി ചേർക്കാത്ത ഫൈസൽ ഫരീദ് മൂന്നാം പ്രതിയാണ്. സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി. യു.എ.പി.എ അടക്കം ചുമത്തുന്ന രാജ്യദ്രോഹ കുറ്റമായാണ് എൻ.ഐ.എ ഈ വിഷയത്തെ കണ്ടിരിക്കുന്നത്.
രാജ്യത്തിനെതിരായ കള്ളക്കടത്ത് അന്വേഷിക്കാൻ എൻ.ഐ.എ നിയമം ഏജൻസിക്ക് അധികാരം നൽകുന്നുണ്ട്. വിദേശത്ത് കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരമുണ്ടെന്നതും എൻ.ഐ.എക്ക് മുതൽക്കൂട്ടാണ്. യു.എ.ഇയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടും എന്നാണ് എൻ.ഐ.എ കരുതുന്നത്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ ഉൾപ്പടെ അറസ്റ്റുകൾ നടന്നേക്കാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കള്ളക്കടത്ത് കേസിലെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സ്വപ്ന സുരേഷ് തന്നെ കാർഗോ വിട്ടുകിട്ടാൻ കോൺസുലേറ്റ് രേഖകൾ ഉപയോഗിച്ചെന്ന് അവരുടെ ജാമ്യാപേക്ഷയിൽത്തന്നെ വ്യക്തമാണ്.
കള്ളക്കടത്ത് വന്ന കാർഗോ പരിശോധിക്കുന്നതിനിടെ എന്തുകൊണ്ടാണ് കാർഗോ വിട്ടുകിട്ടുന്നത് വൈകുന്നതെന്ന് ചോദിച്ച് സ്വപ്ന സുരേഷ് വിളിച്ചിരുന്നു. കള്ളക്കടത്ത് പിടികൂടി രണ്ട് മണിക്കൂറിനകം സ്വപ്നയുടെ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് അവർ ഒളിവിലാണ്. ഇതിൽ കൃത്യമായും ദുരൂഹതയുണ്ട് എന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു.
സ്വന്തം ആവശ്യത്തിന് മാത്രമല്ല മറ്റ് ചില സംഘങ്ങൾക്ക് വേണ്ടിയും സ്വപ്നയും സരിത്തും കള്ളക്കടത്ത് നടത്തി എന്നതിന് കൃത്യമായ സൂചനകൾ കസ്റ്റംസിനും എൻ.ഐ.എയ്ക്കും ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു കണ്ണിയാണ് സ്വപ്ന എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. സർക്കാർ ഏജൻസികളെയെല്ലാം കബളിപ്പിച്ച് നയതന്ത്ര പരിരക്ഷ മുതലെടുത്ത് സ്വർണക്കടത്ത് സജീവമായി നടത്തിവരികയായിരുന്നു സ്വപ്നയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. സന്ദീപ് നായർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണെന്നും എൻ.ഐ.എ പറയുന്നു.