സർക്കാർ ഇടപെടലുകൾ സി.പി.എമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കി; കൊവിഡിൻ്റെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്ന് കെ.സുരേന്ദ്രൻ

Friday 10 July 2020 4:42 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൾ സെക്രട്ടറിയും സംശയത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്ന് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടൽ നടത്തിയിട്ടുണ്ട്. പിണറായി രാജിവയ്ക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ നീക്കം വിലപോവില്ലന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

സമരം ചെയ്യുന്നവർ കൊവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജൻ്റെ ഭീഷണി. ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്. കൊവിഡ് കാലത്തെ അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സർക്കാരാണ്. സർക്കാർ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാർക്ക് ഒത്താശ നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം സി.പി.എമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ഇത്രയേറെ ആരോപണങ്ങൾ ഉണ്ടായിട്ടും ഒരു അന്വേഷണവും നടത്തില്ലന്ന ധാർഷ്ട്യം അംഗീകരിക്കില്ല. ക്രിമിനൽ കേസിൽ പ്രതിയായ ഒരു സ്ത്രീ കള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി നേടിയത് എങ്ങനെയാണെന്നും അന്വേഷിക്കേണ്ടതുണ്ട്.

കേന്ദ്രം പ്രഖ്യാപിച്ച എൻ.ഐ.എ അന്വേഷണമല്ലാതെ ഒരന്വേഷണവും ഉണ്ടാകില്ലന്ന നിലപാട് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന് തിരുത്തേണ്ടി വരും. വരും ദിവസങ്ങളിൽ കേരളമെമ്പാടും മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സമാധാനപരമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.