പാൽ കട്ടുകുടിക്കുന്നത് ആരും കാണില്ലെന്നാണ് പൂച്ചയുടെ വിചാരം, എന്നാൽ കണ്ടതാകട്ടെ ലോകം മുഴുവനും

Friday 10 July 2020 6:53 PM IST

ഇംഗ്ലണ്ടിലെ കാന്റർബറി കത്തീഡ്രൽ പുരോഹിതന്റെ പ്രഭാത പ്രാർത്ഥനയ്ക്കിടയിൽ നടന്ന കൗതുകമാർന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രാർത്ഥനയ്ക്കിടയിൽ ടെെഗർ എന്ന വളർത്തു പൂച്ച ആരും കാണാതെ പൂരോഹിതന്റെ അടുക്കലേക്ക് വരികയും അദ്ദേഹത്തിന്റെ അടുത്തുളള കസേരയിൽ ഇരിക്കുകയും ചെയ്യുന്നു. തൊട്ടടുത്ത മേശപ്പുറത്തിരിക്കുന്ന പാൽപാത്രം ശ്രദ്ധിക്കുന്ന പൂച്ച ഉടൻ തന്നെ ടേബിളിലേക്ക് ചാടി കയറുകയും പാൽപാത്രം മണത്തു നോക്കുകയും ചെയ്യുന്നു. പൂരോഹിതൻ കുടിക്കാനായിവച്ചിരുന്ന പാലാണെന്നു പോലും ചിന്തിക്കാതെ പാത്രത്തിൽ തലയിട്ട് കുടിക്കാനും തുടങ്ങി.ആരും ശ്രദ്ധിക്കില്ലെന്ന മട്ടിലാണ് പൂച്ച പാൽ കുടിക്കുന്നത്. എന്നാൽ പ്രാർത്ഥന തൽസമയമായതിനാൽ നിരവധി ആളുകളാണ് പൂച്ച പാൽ കുടിക്കുന്നത് കണ്ടത്.പ്രാർത്ഥനയ്ക്കിടയിൽ പൂച്ച തന്റെ പാൽ കുടിക്കുന്നത് ശ്രദ്ധയിപ്പെട്ട പുരോഹിതൻ വളരെ സ്നേഹത്തോടെ പൂച്ചയുടെ തലയിൽ തടവുകയും ടെെഗർ എന്ന തന്റെ വളർത്തു പൂച്ചയെ ഏവർക്കും പരിചയപ്പെടുത്തുകയും ചെയ്യുന്നു. പ്രാർത്ഥനയിൽ പങ്കെടുത്തിരുന്ന വിശ്വസികൾക്കും ഇത് ഏറെ കൗതുകകരമായി മാറി. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. കത്തീഡ്രലിന്റെ ഔദ്യോഗിക പേജിൽ പുരോഹിതന്റെയും പൂച്ചയുടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്.