ട്രാക്‌ടർ വില്പനയിൽ വൻ കുതിപ്പ്
Saturday 11 July 2020 3:03 AM IST
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഗ്രാമീണ, കാർഷിക മേഖല ഉണർവിലേക്ക് കരകയറുന്നുവെന്ന് വ്യക്തമാക്കി ജൂണിൽ ട്രാക്‌ടർ വില്പന മേയ് മാസത്തെ അപേക്ഷിച്ച് 52 ശതമാനം ഉയർന്നു. കഴിഞ്ഞവർഷം ജൂണിനെ അപേക്ഷിച്ച് വില്പന വർദ്ധന 20 ശതമാനമാണ്.
മികച്ച മൺസൂണിന്റെ ബലത്തിൽ ഖാരിഫ്, റാബി കൃഷിയിൽ ഉയർന്ന വിളവുണ്ടായതാണ് ട്രാക്‌ടർ വിപണിക്ക് നേട്ടമായത്. ട്രാക്‌ടറുടെ നിർമ്മാണം കഴിഞ്ഞ 20 മാസത്തെ ഉയരവും ജൂണിൽ കുറിച്ചു. ആഭ്യന്തര വിപണിയിൽ മാത്രം 54 ശതമാനം വർദ്ധനയോടെ കഴിഞ്ഞമാസം 92,888 ട്രാക്‌ടറുകൾ വിറ്റഴിഞ്ഞു. മേയിൽ വില്പന 60,441 യൂണിറ്റുകളായിരുന്നു.
5,760 യൂണിറ്റുകളുടെ കയറ്റുമതി ഉൾപ്പെടെ കഴിഞ്ഞമാസത്തെ മൊത്തം വില്പന 98,648 എണ്ണമാണ്; വർദ്ധന 52 ശതമാനം. 2019 ജൂണിലെ വില്പന 82,064 യൂണിറ്റുകളായിരുന്നു; കയറ്റുമതി ചെയ്‌തത് 6,205 യൂണിറ്റുകളും.