ആനന്ദ വൈദ്യാശ്രമം ആയുർവേദ ഔഷധശാല പ്രവർത്തനം തുടങ്ങി

Saturday 11 July 2020 3:15 AM IST

തൃശൂർ: സൂര്യപ്രഭ ഗ്രൂപ്പിന്റെ 'ആനന്ദ വൈദ്യാശ്രമം" ആയുർവേദ ഔഷധശാല തൃശൂരിലെ വരന്തരപ്പിള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി നിർവഹിച്ചു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.എം. ഉമ്മർ,​ വാർഡ് മെമ്പർ സ്വപ്‌ന ജോസ് പൊന്നാരി,​ ആയുർവേദ മാനുഫാക്‌ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്രിയംഗം ഡോ.എം. ചന്ദ്രശേഖരൻ,​ ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സ്‌റ്രേറ്ര് കൺവീനർ സുനിൽ ലിങ്ക്‌ലൈൻ,​ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സി. മുരളി,​ ആനന്ദ വൈദ്യാശ്രമം മാനേജിംഗ് പാർട്‌ണർമാരായ എം.എസ്. സജീവ്,​ കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു.

കമ്പനിയുടെ ഉത്‌പന്നമായ 'അപരാജിത ചൂർണ"ത്തിന്റെ വിപണനോദ്ഘാടനം ജി.എസ്.ടി നിയമവിഭാഗം ഡെപ്യൂട്ടി കമ്മിഷണർ സാജു നമ്പാടൻ നിർവഹിച്ചു. ഒരുമാസത്തിനകം 400ലേറെ ഉത്‌പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്നും കേരളത്തിൽ സാദ്ധ്യമായ എല്ലാ മേഖലകളിലും ഏജൻസികൾ ആരംഭിക്കുമെന്നും എം.എസ്. സജീവ് പറഞ്ഞു.