'അത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുൻപുള്ള അവസ്ഥയാണ്, ഇനി സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക...': മുഖ്യമന്ത്രി

Saturday 11 July 2020 7:07 PM IST

തിരുവനന്തപുരം: സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും സൂപ്പർസ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുൻപുള്ള അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക എന്നാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിലേക്ക് പോകാതെ പിടിച്ചുനിർത്താൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇപ്പോൾ പ്രതിദിനം 400റിൽ കൂടുകയാണ്. അതേപോലെ തന്നെ സമ്പർക്ക രോഗികളുടെ എണ്ണവും കൂടുകയാണ്. കുറച്ചുപേരെങ്കിലും ഏതാണ് സ്രോതസ് എന്ന് അറിയാതെ വരികയാണ്. ഒരാളിൽ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പർസ്‌പ്രെഡ്‌ ഇപ്പോൾ ആയിക്കഴിഞ്ഞു. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോൾ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂ. വളരെ കരുതലോടെ അത് ഒഴിവാക്കാനാണ് നാം കൂട്ടായി ശ്രമിക്കേണ്ടത്.' അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 488 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത് . ഇതിൽ വിദേശത്തുനിന്നും എത്തിയവർ 167 പേരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും 76 പേർ. അതേസമയം സമ്പർക്കരോഗികളുടെ എണ്ണം ഇന്ന് 234 ആണ്. കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയും സമ്പർക്ക കേസുകളും ഉള്ളത് ഇന്നാണ്. അതേസമയം തിരുവനന്തപുരത്ത് 69 കേസുകളാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതിൽ 46 എണ്ണവും സമ്പർക്ക കേസുകളാണ്.