കൊവിഡിൽ കിതച്ച് കശുഅണ്ടി കയറ്റുമതി
കൊച്ചി: കൊവിഡിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള കശുഅണ്ടി കയറ്രുമതി നേരിടുന്നത് കനത്ത നഷ്‌ടം. നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) കയറ്റുമതി അളവ് 41 ശതമാനവും കയറ്രുമതി മൂല്യം 38 ശതമാനവും ഇടിഞ്ഞു. കൊവിഡ് ഭീതിയും ലോക്ക്ഡൗണും മൂലം ഒട്ടേറെ ഫാക്‌ടറികൾ പൂട്ടിയതും ആഭ്യന്തര-വിദേശ വിതരണം കുത്തനെ കുറഞ്ഞതുമാണ് തിരിച്ചടിയായത്.
അതേസമയം, ഏപ്രിലിനെ അപേക്ഷിച്ച് അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ഇറാൻ എന്നിവിടങ്ങളിൽ മേയിലും ജൂണിലും റീട്ടെയിൽ വില്പന മെച്ചപ്പെട്ടത് കശുഅണ്ടി കയറ്റുമതി മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. ആഭ്യന്തരതലത്തിലെ പ്രമുഖ വിപണികളായ ഡൽഹി, ജയ്‌പൂർ, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ വില്പന കുത്തനെ കുറഞ്ഞു. 2019ലെ 1,650-1,700 ഡോളറിൽ നിന്ന് ടണ്ണിന് വില ഈവർഷം ആയിരം ഡോളറിലേക്ക് ഇടിഞ്ഞിട്ടും കയറ്റുമതി അളവ് ഉയർന്നില്ല.
2019 ഏപ്രിലിലെ 4,928 ടണ്ണിൽ നിന്ന് 2,406 ടണ്ണിലേക്കാണ് ഇത്തവണ ഏപ്രിലിൽ കശുഅണ്ടി കയറ്റുമതി ഇടിഞ്ഞത്. നഷ്‌ടം 51.18 ശതമാനം. 5,068 ടണ്ണിൽ നിന്ന് മേയിൽ കയറ്റുമതി 34.21 ശതമാനം ഇടിഞ്ഞ് 3,334 ടണ്ണിലെത്തി. ജൂണിൽ 3,358 ടണ്ണായിരുന്നു കയറ്റുമതി. ഇടിവ് 38.11 ശതമാനം. 2019 ജൂണിൽ 5,427 ടൺ കയറ്റുമതി ചെയ്‌തിരുന്നു. മേയിൽ കയറ്റുമതി മൂല്യം 147.24 കോടി രൂപയാണ്. നഷ്‌ടം 49.15 ശതമാനം. മേയിൽ 31.87 ശതമാനം ഇടിഞ്ഞ് മൂല്യം 199.50 കോടി രൂപ. ജൂണിൽ ലഭിച്ചത് 206.89 കോടി രൂപ; നഷ്‌ടം 32.94 ശതമാനം.