ഇനിയിപ്പോ ആ ഹെലികോപ്റ്ററിലെങ്ങാനും? പരിഹസിച്ച് വി.ടി ബൽറാം

Sunday 12 July 2020 9:43 AM IST

തിരുവനന്തപുരം:ഇന്നലെ വൈകീട്ടോടെയാണ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എയുടെ പിടിയിലായത്. ബംഗളൂരുവിൽവച്ചാണ് ഇരുവരെയും പിടികൂടിയത്. എങ്ങനെ അവർ കർണാടകയിലെത്തി എന്നുള്ളതാണ് ഉയർന്നുവരുന്ന ചോദ്യം.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് മുക്കിലും മൂലയിലും കർശന പരിശോധനയാണ് നടത്തുന്നത്. അന്വേഷണ സംഘം സ്വപ്നയേയും സന്ദീപിനെയും തിരക്കി നാടുമുഴുവൻ അലയുകയുമായിരുന്നു. ഈ സാഹചര്യത്തിൽ ഉയരുന്ന ചോദ്യമാണ് എങ്ങനെ പൊലീസുകാരുടെയും, മറ്റ് ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ഇരുവരും അതിർത്തി കടന്നു എന്നുള്ളത്.

പ്രതികൾ കേരള അതിർത്തി എങ്ങനെ കടന്നെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹാസവുമായെത്തിയിരിക്കുകയാണ് വി.ടി. ബൽറാം. ഇനിയിപ്പോ ഹെലികോപ്റ്ററിലെങ്ങാനും? എന്നാണ് ബൽറാമിന്റെ ചോദ്യം.