കേരളം ഭരിക്കുന്നത് അഴിമതി ആചാരമാക്കിയ സർക്കാർ: മുല്ലപ്പള്ളി
Monday 13 July 2020 12:25 AM IST
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ 36-ാം സ്ഥാപകദിനം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. അന്താരാഷ്ട്രമാനമുള്ള കേസായതിനാൽ റോയും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കെ.മുരളീധരൻ എം.പി, എം.എൽ.എമാരായ വി.ഡി.സതീശൻ, വി.എസ്.ശിവകുമാർ, പി.ടി.തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, ആര്യാടൻ മുഹമ്മദ്, ലതികാ സുഭാഷ്, ചവറ ജയകുമാർ, കെ.വിമലൻ, മനോജ് ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.