എൻ.ഐ.എയ്ക്ക് പിന്നാലെ എൻഫോഴ്സ്മെന്റും

Monday 13 July 2020 12:35 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. എൻ.ഐ.എയ്ക്ക് എൻഫോഴ്സ്മെന്റും എത്തുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കസ്റ്റംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ , ഇ.ഡിയുടെ കൊച്ചി മേഖലാ ഓഫീസ് പ്രാഥമികാന്വേഷണം തുടങ്ങിക്കഴിഞ്ഞു. എൻ.ഐ.എയിൽ നിന്നും വിവരങ്ങൾ തേടും. പ്രതികളുടെയും അവരുമായി ബന്ധപ്പെട്ടവരുടേയും സ്വത്തുക്കളുടെയും വരവിന്റെയും കണക്കെടുപ്പാണ് ആദ്യം നടത്തുക. സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഹവാല പണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻ മണി മാനേജ്‌മെന്റ് ആക്ട്) പ്രകാരം വിശദമായ അന്വേഷണമുണ്ടാവും. വരവിൽക്കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് സ്വത്ത് പരിശോധന നടത്താം. സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറ് മാസം വരെ ജാമ്യം കിട്ടില്ല.

കള്ളക്കടത്ത് നടത്തിയ പതിനഞ്ച് കോടിയിലേറെ വിലയുള്ള സ്വർണം വാങ്ങാൻ പണമെവിടെ നിന്ന് ലഭിച്ചെന്നും, ഏതു വഴിയാണ് പണം വിദേശത്തെത്തിച്ചതെന്നും, ഇതിനായി നയതന്ത്ര ചാനൽ ദുരുപയോഗിച്ചോയെന്നും അന്വേഷിക്കും. പ്രതികളുടെ ബിനാമി ഇടപാടുകളും പരിശോധിക്കും.

സ്വപ്നയ്ക്ക് നഗരമദ്ധ്യത്തിൽ കൂറ്റൻ ഫ്ലാറ്റ്‌ സമുച്ചയമുണ്ടെന്നാണ് സൂചന. സന്ദീപിന് കേരളത്തിൽ 11 സ്ഥാപനങ്ങളുണ്ട്. പത്തനംതിട്ടയിലെ കാർ വ്യാപാര സ്ഥാപനം ജൂലായ് 11ന് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. ഏറെക്കാലം ജോലിചെയ്ത എയർ ഇന്ത്യ സാറ്റ്സിൽ വെറും ഇരുപതിനായിരം രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്പേസ് പാർക്കിലും ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും ഇവിടങ്ങളിൽ ജോലി ലഭിച്ചിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. സ്വത്തുക്കളുടെ സ്രോതസ് സ്വപ്നയ്ക്ക് വെളിപ്പെടുത്തേണ്ടിവരും.