എൻ ഐ എ അന്വേഷണം തുടരുന്നതിനിടെ വീണ്ടും സ്വർണക്കടത്ത്: തിരുവനന്തപുരത്തും കോഴിക്കോട്ടും പിടികൂടിയത് കോടികളുടെ സ്വർണം

Monday 13 July 2020 10:06 AM IST

തിരുവനന്തപുരം: സ്വർണകള‌ളക്കടത്തുകേസിൽ എൻ ഐ എ അന്വേഷണം തുടരുന്നതിനിടെ വീണ്ടും സ്വർണക്കടത്ത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് സ്വർണം പിടിച്ചത്.

തിരുവനന്തപുരത്ത് ദുബായിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നായി 1.45 കിലോ സ്വർണമാണ് പിടിച്ചെടുത്ത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിലും അരപ്പട്ടയിലും പേസ്റ്റ് രൂപത്തിൽ സ്വർണം ഒളിപ്പിക്കുകയായിരുന്നു.

റാസൽഖൈമയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ, യുവതിയടക്കമുള്ള 4 പേരിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടിച്ചത്. മിശ്രിത രൂപത്തിലാണ് സ്വർണം കടത്തിയത്. 1.14 കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.

സ്പൈസ് ജെറ്റിന്റെ ചാർട്ടേഡ് വിമാനത്തിൽ എത്തിയ തിരുവനന്തപുരം സ്വദേശിനി സീന മോൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.8 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതേ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശികളായ അബ്ദുൽ സത്താർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് മിദ്‌ലാജ് എന്നിവരിൽ നിന്നാണ് ബാക്കി സ്വർണം പിടിച്ചത്. ഇവരെല്ലാം കാരിയർമാരാണെന്നാണ് കരുതുന്നത്. സ്വർണം ആർക്കുവേണ്ടി കൊണ്ടുവന്നതാണമെന്നതടക്കമുള‌ള കാര്യങ്ങൾ അന്വേഷിക്കുമെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്.