സർക്കാർ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നു, അതനുസരിച്ച് പ്രവർത്തിക്കും; പ്രതികരണവുമായി ദേവസ്വം മന്ത്രി
ന്യൂഡൽഹി: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നെന്നും, അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഭരണസമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ സമിതി തൽക്കാലം തുടരും. ബി നിലവറ തുറക്കുന്ന കാര്യത്തെക്കുറിച്ച് കമ്മിറ്റിക്ക് തീരുമാനിക്കാം. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നൽകിയ ഹർജിയാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്ള പങ്ക്, നിധിയുണ്ടെന്ന് പറയപ്പെടുന്ന ബി നിലവറ തുറക്കൽ, ക്ഷേത്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമൽഹോത്രയും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
സുപ്രീം കോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂർ രാജകുടുംബം പ്രതികരിച്ചു. നന്ദിയും സന്തോഷവും അറിയിക്കുന്നു എന്ന് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.