ആരോപണങ്ങൾ ശരിയാകുന്നു? ബാലഭാസ്കറിന് അപകടം സംഭവിച്ച സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നു, ഇപ്പോഴും അയാളെ ഓർത്തിരിക്കാനുള്ള കാരണം വെളിപ്പെടുത്തി കലാഭവൻ സോബി
Monday 13 July 2020 2:44 PM IST
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷി കലാഭവൻ സോബിയുടെ നിർണായക വെളിപ്പെടുത്തൽ. അപകടം നടന്ന സ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടിരുന്നെന്ന് കലാഭവൻ സോബി പറഞ്ഞു. മാദ്ധ്യമങ്ങളിൽ വന്ന ചിത്രങ്ങളിൽ നിന്നാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും കലാഭവൻ സോബി കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് സംഘങ്ങൾക്ക് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ബാലഭാസ്‌കറിന് അപകടം സംഭവിച്ച സമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാൻ ആക്രോശിച്ചുകൊണ്ടിരുന്ന ആൾക്കാർക്കൊപ്പം ഒന്നും മിണ്ടാതെ ഒരാൾ നിന്നിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മുഖം നന്നായി ഓർത്തിരുന്നെന്നും ജോബി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.