ഐ.ആർ.സി.ടി.സിക്ക് ₹150 കോടി ലാഭം

Tuesday 14 July 2020 3:14 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20)​ അവസാനപാദമായ ജനുവരി-മാർച്ചിൽ ഇന്ത്യൻ റെയിൽവേ കാറ്രറിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി)​ 79.3 ശതമാനം വളർച്ചയോടെ 150.6 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 84 കോടി രൂപയായിരുന്നു. അതേസമയം,​ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭം 26.9 ശതമാനം കുറഞ്ഞിട്ടുണ്ട്. 205.80 കോടി രൂപയുടെ ലാഭം ഡിസംബർപാദത്തിൽ ഐ.ആർ.സി.ടി.സി നേടിയിരുന്നു.

കഴിഞ്ഞപാദത്തിൽ പ്രവർത്തന വരുമാനം 17.9 ശതമാനം വർദ്ധിച്ച് 586.89 കോടി രൂപയായി. 2019 ജനുവരി-മാർച്ചിൽ ലഭിച്ചത് 497.74 കോടി രൂപയായിരുന്നു. ഡിസംബർ പാദത്തിലെ 715.98 കോടി രൂപയെ അപേക്ഷിച്ച് പ്രവർത്തന വരുമാനത്തിലെ ഇടിവ് 18 ശതമാനമാണ്. അതേസമയം,​ കഴിഞ്ഞപാദത്തിലെ മികച്ച ലാഭത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്ക് ഓഹരിയൊന്ന് രണ്ടര രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. ഇന്നലെ 4.80 ശതമാനം നഷ്‌ടത്തോടെ 1,​396.35 രൂപയിലാണ് ബി.എസ്.ഇയിൽ ഐ.ആർ.സി.ടി.സി വ്യാപാരം അവസാനിപ്പിച്ചത്.