ലോക്ക്ഡൗൺ ഇളവിൽ റീട്ടെയിൽ നാണയപ്പെരുപ്പം വീണ്ടും മേലോട്ട്

Tuesday 14 July 2020 3:24 AM IST

ന്യൂഡൽഹി: ലോക്ക്ഡൗണിലെ ഇളവിൽ ഉപഭോക്തൃ വിപണി വീണ്ടും സജീവമായതോടെ,​ രാജ്യത്ത് ഉത്‌പന്നങ്ങളുടെ വില മേലോട്ടുയർന്ന് തുടങ്ങി. ജൂണിൽ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ)​ നാണയപ്പെരുപ്പം 6.09 ശതമാനമാണ്. 2019 ജൂണിൽ ഇത് 3.18 ശതമാനമായിരുന്നു. അതേസമയം,​ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങൾ ഉള്ളതിനാൽ,​ പ്രവർത്തിക്കുന്ന മേഖലകളിലെ കണക്കുകൾ മാത്രം ഉപയോഗിച്ചാണ് ഇക്കുറി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കേന്ദ്ര സ്‌റ്രാറ്രിസ്‌റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിലിലും മേയിലും റീട്ടെയിൽ നാണയപ്പെരുപ്പം സംബന്ധിച്ച ഭാഗിക കണക്കുകൾ മാത്രമാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. അതേസമയം,​ ഭക്ഷ്യോത്പന്ന വില കൂടുന്നുവെന്ന് സൂചിപ്പിച്ച് കഴിഞ്ഞമാസം ഭക്ഷ്യ വിലപ്പെരുപ്പം 7.87 ശതമാനമായി ഉയർന്നു. റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പത്തിന്റെ ഗതിയാണ്. ഇതു നാലു ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഭക്ഷ്യവിലപ്പെരുപ്പം വർദ്ധിക്കുന്നത് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തിയേക്കും.

6.09%

കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 6.09 ശതമാനം. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇത് ഭാഗിക കണക്കാണണ്.

5.84%

കേന്ദ്രം അവസാനമായി സമ്പൂർണ റീട്ടെയിൽ നാണയപ്പെരുപ്പ കണക്ക് പുറത്തുവിട്ടത് മാർച്ചിലാണ്; 5.84 ശതമാനം.