എൻജി. പ്രവേശന പരീക്ഷ 16 ന് തന്നെ

Monday 13 July 2020 11:58 PM IST

തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 16ന് തന്നെ നടത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കുമോ എന്ന സന്ദേഹമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്ന് പരീക്ഷ മാറ്റിവയ്ക്കേണ്ടെന്നും നിശ്ചയിച്ചപ്രകാരം നടത്താനും തീരുമാനിച്ചത്.

പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇവരെ പൊലീസ് തടയില്ല. എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിലെ കുട്ടികൾക്കായി പൂന്തുറയിൽ പ്രത്യേക പരീക്ഷാ സെന്റർ ഉണ്ടാക്കും. മറ്റ് സ്ഥലങ്ങളിലും ജില്ലകളിലും നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികൾക്കായി പരീക്ഷാ സെന്ററുകളിൽ പ്രത്യേക ക്ളാസ് മുറി സജ്ജീകരിക്കും. സ്കൂളുകൾ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണിതെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ഇങ്ങനെയുള്ള സ്ഥലങ്ങളിലെ കുട്ടികൾ ലെയ്സൺ ഓഫീസറുമായി ബന്ധപ്പെടണം. ആശുപത്രികളിൽ ക്വാറന്റൈനിലാേ ചികിത്സയിലോ കഴിയുന്ന കുട്ടികൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മിഷണറുമായി ബന്ധപ്പെടണം. ഇവർ പരീക്ഷ എഴുതാൻ പറ്റുന്ന അവസ്ഥയിലാണെങ്കിൽ അത് വിലയിരുത്തി തീരുമാനിക്കും. ആശുപത്രികളിൽ പരീക്ഷാ സെന്ററുകൾ ഉണ്ടാവില്ല.

അഡ്മിറ്റ് കാർഡ് പരീക്ഷാ ഹാളിൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇല്ലാത്തവരെ ഹാളിൽ കയറ്റില്ല. വിദ്യാർത്ഥികളെ തിരിച്ചറിയാൻ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് കൊണ്ടുവരണം.