ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്; പദ്മനാഭ സ്വാമി ക്ഷേത്ര വിധിയിൽ പ്രതികരണവുമായി സെബാസ്റ്റ്യൻ പോൾ
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രവിധിയിൽ പ്രതികരണവുമായി എഴുത്തുകാരനും മുന്‍ ലോക്‌സഭാംഗവുമായ സെബാസ്റ്റ്യന്‍ പോള്‍. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും, അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. ഇതിനെക്കുറിച്ചാണ് സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും, ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ഭരണഘടനയ്ക്ക് യോജിക്കുന്ന ഒരു തിരുത്ത് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിന്ന് സംസ്ഥാന സർക്കാർ സമ്പാദിക്കണമെന്നും സെബാസ്റ്റ്യൻ പോൾ കുറിച്ചു..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഭരണസമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും, അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയിൽ പറയുന്നു. ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്. യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിർദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ സമ്പാദിക്കണം.