യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സർക്കാർ ഏറ്റെടുക്കും; രാജകുടുംബത്തിന് ഉറപ്പ് നൽകി ഉമ്മൻചാണ്ടി
തിരുവനന്തപുരം: പദ്‌മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ നിർണായക നീക്കവുമായി യു.ഡി.എഫ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സർക്കാർ ഏറ്റെടുക്കുമെന്ന് രാജകുടുംബത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പ് നൽകി. വിധി വന്നതിന് പിന്നാലെ രാജകുടുംബത്തെ സന്ദർശിച്ചപ്പോഴായിരുന്നു ഉമ്മൻചാണ്ടി രാജകുടുംബത്തിന് ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്.
യു.ഡി.എഫ് സർക്കാർ വന്നാൽ നിശ്ചയമായും സുരക്ഷ ഏറ്റെടുക്കുമെന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. സെക്യുരിറ്റി സർക്കാരിന്റെ ബാദ്ധ്യതയാണ്. സർക്കാരിന് സെക്യുരിറ്റി നൽകാൻ ബാദ്ധ്യതയുണ്ടെന്നാണ് വി.എസ് ശിവകുമാർ എം.എൽ.എയും പ്രതികരിക്കുന്നത്. കൊട്ടാരത്തിന് മാത്രമല്ല തിരുവനന്തപുരത്തിന് തന്നെ ആശ്വാസമാണ് വിധി. തിരുവനന്തപുരത്തുകാരുടെ വൈകാരികമായ കാര്യമാണിതെന്നും മുൻ ദേവസ്വം മന്ത്രി കൂടിയായ ശിവകുമാർ പറയുന്നു.
പദ്മനാഭസ്വാമി കൊടുത്ത വിധിയാണെന്നാണ് രാജകുടുംബാംഗങ്ങൾ ഇതിനോട് പ്രതികരിക്കുന്നത്. വലിയ സ്വത്തുക്കളുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നാണ് കുടുംബാംഗത്തിന്റെ പ്രതികരണം. വിധി വരുമെന്ന് ശനിയാഴ്ച അറിഞ്ഞത് മുതല്‍ ആളുകൾ പ്രാർത്ഥനയിലായിരുന്നു.
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇതുവരെ ചിലവഴിച്ച ഇനത്തിൽ 11,70,11,000 രൂപ രാജകുടുംബം തിരിച്ചു കൊടുക്കണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. സെക്യൂരിറ്റിക്ക് വേണ്ടി സർക്കാർ ചിലവഴിച്ച തുകയാണിത്. ക്ഷേത്ര ഭരണസമിതി ഇത് തിരിച്ചു നൽകണം. മുന്നോട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതും ഭരണസമിതിയുടെ ചുമതലയാണെന്നാണ് വിധിയിൽ വ്യക്തമാക്കുന്നത്.