മൊത്തവില നാണയപ്പെരുപ്പം കീഴോട്ട്; ജൂണിൽ -1.81%

Wednesday 15 July 2020 3:35 AM IST

ന്യൂഡൽഹി: ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നെങ്കിലും കഴിഞ്ഞമാസം മൊത്തവില (ഹോൾസെയിൽ)​ സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം നെഗറ്രീവ് 1.81 ശതമാനത്തിലേക്ക് താഴ്‌ന്നു. കഴിഞ്ഞവർഷം ജൂണിൽ ഇത് പോസിറ്റീവ് 2.02 ശതമാനവും ഇക്കഴിഞ്ഞ മേയിൽ നെഗറ്റീവ് 3.21 ശതമാനവുമായിരുന്നു. ഇന്ധന,​ വൈദ്യുതി വിലകൾ താഴ്‌ന്നതാണ് ജൂണിലും മൊത്തവില നാണയപ്പെരുപ്പം നെഗറ്റീവ് തലത്തിൽ തുടരാൻ കാരണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ഇന്ധന,​ വൈദ്യുതി വിലനിലവാരം മേയിലെ 19.83 ശതമാനത്തിൽ നിന്ന് ജൂണിൽ 13.60 ശതമാനത്തിലേക്ക് താഴ്‌ന്നു. എന്നാൽ,​ ഭക്ഷ്യോത്പന്ന വിലനിലവാരം (ഭക്ഷ്യവിലപ്പെരുപ്പം)​ ജൂണിൽ 2.04 ശതമാനമാണ്; മേയിലിത് 1.13 ശതമാനമായിരുന്നു. മാനുഫാക്‌ചറേഡ് ഉത്‌പന്നങ്ങളുടെ വിലനിലവാരം മേയിലെ നെഗറ്രീവ് 0.42 ശതമാനത്തിൽ നിന്ന് പോസിറ്രീവ് 0.08 ശതമാനമായി ഉയർന്നു. ഏപ്രിലിൽ മൊത്തവില നാണയപ്പെരുപ്പം 1.57 ശതമാനമായിരുന്നു.

അതേസമയം,​ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ 6.09 ശതമാനമായി ഉയർന്നുവെന്ന് കഴി‌ഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2019 ജൂണിൽ ഇത് 3.18 ശതമാനമായിരുന്നു. പലയിടത്തും ലോക്ക്ഡൗൺ തുടരുന്നതിനാൽ ജൂണിലേത് ഭാഗിക കണക്കുമാത്രമാണെന്നും സർക്കാർ അറിയിച്ചിരുന്നു.