"ജീവിതമെന്നത് ബോർഡ് എക്സാം അല്ല" പ്ലസ്ടുവിൽ പാസ്‌മാർക്ക് മാത്രം നേടിയ ഐ.എ.എസുകാരന്റെ കുറിപ്പ്
ന്യൂഡൽഹി: മത്സരപരീക്ഷകളിൽ തോറ്റുപോകുമെന്ന ഭയക്കുന്നവരുടെയും മാർക്ക് കുറഞ്ഞതിന് ആത്മഹത്യയ്ക്ക് തുനിയുന്നവരുടേയും ശ്രദ്ധയ്ക്ക് ! നിങ്ങളുടെ ജീവിതം നിർണയിക്കുന്നത്, മാർക്കല്ല, നിങ്ങളുടെ നിശ്ചയദാർഢ്യമാണ്. സ്വന്തം ജീവിതം കൊണ്ട് ഈ പാഠം തെളിയിച്ച ഐ.എ.എസുകാരൻ നിതിൻ സംഘ്‌വാനിന്റെ വാക്കുകളാണിത്.
സോഷ്യൽമീഡിയയിൽ തന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പങ്കുവച്ചാണ് നിതിൻ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നത്. 2002 ബാച്ചിലെ മാർക്ക് ലിസ്റ്റാണ് നിതിൻ സംഘ്‌വാൻ ട്വിറ്ററിൽ പങ്കുവച്ചത്. 12-ാം ക്ലാസ് പരീക്ഷയിൽ ഇദ്ദേഹത്തിന് കെമിസ്ട്രി പേപ്പറിന് ലഭിച്ചത് വെറും 24 മാർക്ക്. ജയിക്കാൻ ആവശ്യമായ മാർക്കിനേക്കാൾ ഒരു മാർക്ക് കൂടുതൽ. കെമിസ്ട്രി പേപ്പറിൽ മാർക്ക് കുറഞ്ഞെങ്കിലും മദ്രാസ് ഐ.ഐ.ടിയിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി മുൻസിപ്പൽ കമ്മീഷണറാണ് നിതിൻ സംഘ്‌വാൻ ഇപ്പോൾ. 2015 ലെ സിവിൽ സർവീസ് പരീക്ഷയിൽ 28-ാംറാങ്ക് നേടിയായിരുന്നു നിതിന്റെ വിജയം.
ജീവിതത്തിൽ എന്താകണമെന്ന തന്റെ ആഗ്രഹത്തെ നിർണയിച്ചത് ഈ മാർക്കല്ല. ജീവിതമെന്നത് ബോർഡ് എക്സാം അല്ല. പരീക്ഷാഫലത്തിലൂടെ ആത്മപരിശോധനയാണ് നടത്തേണ്ടത്, വിമർശനമല്ല.
നിതിൻ സംഘ്‌വാൻ