കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
തിരുവനന്തപുരം: റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായുള്ള ഭൂവില നിർണയത്തിനുള്ള റിപ്പോർട്ട് താലൂക്കിലേക്ക് അയക്കുന്നതിനുവേണ്ടി 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം വില്ലേജ് ഓഫീസർ ഹരിദേവിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. റീ-ബിൽഡ് കേരളയിൽ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ സ്ഥലം വാങ്ങാൻ സർക്കാർ തുക അനുവദിച്ചിരുന്നു. ഇതിനായി കോട്ടോപ്പാടം വില്ലേജ് ഓഫീസിൽ നിന്നും കാപ്പൂപ്പറമ്പ് സ്വദേശിയായ ശിഹാബുദീന്റെ വീടിനോട് ചേർന്നുള്ള 16 സെന്റ് സ്ഥലം തിരഞ്ഞെടുത്തിരുന്നു. എന്നാൽ 10000 രൂപ കൈക്കൂലിയായി നൽകിയാലേ വില നിർണയ റിപ്പോർട്ട് താലൂക്കിലേക്ക് അയക്കുകയുള്ളൂവെന്ന് ഹരിദേവ് നിലപാടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച ശിഹാബുദീൻ 4000 രൂപ നൽകിയെങ്കിലും ബാക്കി തുക കൂടി നൽകിയാലേ റിപ്പോർട്ട് അയക്കൂവെന്ന് ഹരിദേവ് അറിയിച്ചു. ഇതോടെ ശിഹാബുദീൻ വിജിലൻസിനെ വിവരമറിയിച്ചു. തുടർന്ന് പാലക്കാട് യൂണിറ്റ് ഡിവൈ.എസ്.പി ബിജുകുമാർ പി.സിയുടെ നേതൃത്വത്തിൽ വിജിലൻസ് ഇന്നലെ രാവിലെ11.15ന് കോട്ടോപ്പാടം വില്ലേജ് ഓഫീസിൽ വച്ച് 6000 രൂപ കൈപ്പറ്റുന്നതിനിടെ ഹരിദേവിനെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.