നാളെ മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത; വടക്കൻ കേരളത്തിൽ യെല്ലോ അലർട്ട്

Wednesday 15 July 2020 5:07 PM IST

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള‌ളതിനാൽ നദിക്കരയിലും മണ്ണിടിച്ചിൽ ഭീഷണിയുള‌ള സ്ഥലങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകപ്പ് അധികൃതർ അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള‌ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്രർ വരെ ശക്തിയോടെ മഴ ലഭിക്കും.കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള‌ള കടൽതീരങ്ങളിൽ രാത്രി 11.30 വരെ 2.5 മുതൽ 2.9 വരെ മൂറ്റർ ഉയരത്തിൽ തിലമാലയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിപ്പ് നൽകി. അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.