സ്വർണക്കടത്ത് കേസ് ; ശിവശങ്കറിനെതിരെയുളള ചീഫ് സെക്രട്ടറിയുടെ അന്വേഷണം പ്രഹസനമാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയുളള ചീഫ് സെക്രട്ടറിയുടെ അന്വേഷണം പ്രഹസനമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ തന്നെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പ്രവർത്തികളിൽ നിയമപരമായുളള വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനാണ് ഉദ്യോഗസ്ഥ തലപ്പത്തുളള ചീഫ് സെക്രട്ടറിയെ നിയോഗിച്ചിരിക്കുന്നത്.
സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ദേശീയ അന്വേഷണം ഏജൻസിയും കസ്റ്റംസും സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആർക്കെതിരെയാണ് അന്വേഷണമെന്നത് പ്രശ്നമല്ലെന്നും ആർക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസും, തീവ്രവാദബന്ധം സംബന്ധിച്ച് അന്വേഷണം എൻ.ഐ.എയും നടത്തി വരികയാണ്. നിലവിൽ കേരള പൊലീസ് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ,വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കത്തിന് വളരെ വിശദമായി തന്നെ മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.