എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഇന്ന്, വിദ്യാർത്ഥികൾ മാസ്ക് ധരിച്ചെത്തണം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന് നടക്കും. 343 കേന്ദ്രങ്ങളിലായി രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30വരെയും 2.30 മുതൽ വൈകിട്ട് 5 വരെയും നടക്കുന്ന പരീക്ഷയിൽ 1,10,250 പേരാണ് എഴുതുന്നത്.
രാവിലെ 9.30 ന് കുട്ടികൾ പരീക്ഷാ ഹാളിലെത്തണം. മാസ്ക് ധരിച്ചുവേണം എത്തേണ്ടത്. തെർമൽ സ്കാനിംഗ് നടത്തിയശേഷമാണ് ഹാളിലേക്ക് കടത്തിവിടുക. സാനിറ്റൈസറും നൽകും. അദ്ധ്യാപകരടക്കം 20,000 പേരെയാണ് പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ക്വാറന്റൈനിൽ നിന്ന് വരുന്നവർക്കും പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സൂപ്പർ സ്‌പ്രെഡ് ബാധിത മേഖലയിലെ കുട്ടികൾക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്. എസിലാണ് കേന്ദ്രം. കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തും. ആഗസ്റ്റ് 15 നകം ഫലം പ്രസിദ്ധീകരിക്കും.