ഒളിവിൽ പോകും മുൻപ് ഓടിപ്പാഞ്ഞ് സ്വപ്‌ന

Thursday 16 July 2020 12:42 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കസ്റ്റഡിയിലായ ദിവസം സ്വപ്‌ന തലസ്ഥാനത്ത് നടത്തിയ യാത്രകളിൽ ദുരൂഹത. കഴിഞ്ഞ 5ന് ഞായറാഴ്ചയാണ് സരിത്തിനെ വീട് റെയ്ഡ് ചെയ്‌ത് കസ്റ്റംസ് വലയിലാക്കിയത്. റെയ്ഡ് വിവരം സ്ഥിരീകരിക്കാൻ പകൽ സരിത്തിന്റെ വീട്ടുപരിസരത്തെത്തിയ സ്വപ്ന

അന്ന് രാത്രി തന്നെ ഒളിവിൽ പോയി. അന്നത്തെ അവരുടെ യാത്രകളുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

സ്വർണമുണ്ടെന്ന് മനസിലാക്കി കസ്റ്റംസ് പിടിച്ചു വച്ച കോൺസുലേറ്റിന്റെ ബാഗ് തുറന്നത് അഞ്ചിനാണ്. അന്ന് രാവിലെ പത്തരയ്ക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്. അപ്പോൾ സരിത്ത് വീട്ടിൽ ഇല്ലായിരുന്നു. ഫോണിൽ വിളിച്ചപ്പോൾ 15മിനിറ്റിനകം എത്തി. വീട്ടുകാരെ സാക്ഷികളാക്കി സെർച്ച് രേഖകൾ തയ്യാറാക്കിയ കസ്റ്റംസ്, പന്ത്രണ്ടരയോടെ സരിത്തുമായാണ് മടങ്ങിയത്. പിന്നീട് കാർഗോ തുറന്ന് സ്വർണം കണ്ടെത്തിയ ശേഷമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയത്.

റെയ്ഡ് വിവരമറിഞ്ഞാണ് സ്വപ്ന അവിടെ എത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. ജൂൺ ഒന്നിനും ജൂലായ് എട്ടിനുമിടയിൽ രണ്ടു തവണയേ സ്വപ്ന സരിത്തിന്റെ വീട്ടുപരിധിയിൽ എത്തിയിട്ടുള്ളൂ. ജൂൺ 21നായിരുന്നു ഇതിനു മുൻപെത്തിയത്. ഇതിനടുത്ത ദിവസങ്ങളിൽ കോൺസുലേറ്റിന്റെ പേരിൽ കാർഗോയെത്തിയിരുന്നു.