15 ദിവസത്തില്‍ കൊവിഡ് രോഗികള്‍ 5111, അതില്‍ സമ്പര്‍ക്കത്തിലൂടെ 2051, ജൂലായ് കേരളത്തെ പഠിപ്പിക്കുന്നത് ഭീതിപ്പെടുത്തുന്ന കണക്കുകള്‍

Wednesday 15 July 2020 11:19 PM IST

കൊവിഡ് തുടക്കത്തില്‍ തലപൊക്കിയ സംസ്ഥാനത്ത് പക്ഷേ ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ രോഗത്തെ തുടച്ചു നീക്കിയെന്ന ഘട്ടം വരെയെത്തിയതാണ്. ആരോഗ്യപ്രവര്‍ത്തകരും, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുമെല്ലാം പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ലോക മാദ്ധ്യമങ്ങളില്‍ വരെ കേരള മോഡലിന് പ്രശംസ ലഭിച്ചു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ഒട്ടും ആശ്വാസ്യകരമല്ല. രാഷ്ട്രീയ വിവാദങ്ങളില്‍ സമൂഹത്തിന്റെ ശ്രദ്ധ തിരിയുമ്പോള്‍ കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. ഈ വിഷയത്തിലേക്ക് വീണ്ടും ജനത്തിന്റെ ശ്രദ്ധതിരിക്കുകയാണ് ഡോക്ടര്‍ നെള്‍സണ്‍ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

ആര്‍ക്കും വലിയ ഇന്റ്രസ്റ്റ് ഉണ്ടാവണമെന്നില്ല. എന്നാലും പറയാനുള്ളത് പറയുന്നെന്ന് മാത്രം.

മാസം പകുതിയായതേയുള്ളൂ. ഈ മാസം ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 5111 ആണ്. അതില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം 2051 എണ്ണം.

അതാണവസ്ഥ.....

ഇന്നത്തെ കണക്ക് ഇങ്ങനെയാണ്.

പുതുതായി രോഗം ബാധിച്ചവര്‍ - 623 സമ്പര്‍ക്കത്തിലൂടെ - 432 ഉറവിടം വ്യക്തമാവാത്തവരുടെ എണ്ണം - 37 ആരോഗ്യപ്രവര്‍ത്തകര്‍ - 9

ഒന്‍പത് ജില്ലകളില്‍ ഇന്ന് ഇരുപതില്‍ക്കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ആറെണ്ണത്തില്‍ അന്‍പതിലധികം കേസുകളുണ്ട്.

ഇക്കഴിഞ്ഞ മൂന്ന് ദിവസം സ്ഥിരീകരിച്ച കേസുകളില്‍ ഉറവിടം വ്യക്തമാവാത്തവയുടെ എണ്ണം 81 ആണ്. മൂന്ന് ദിവസം സ്ഥിരീകരിച്ച കേസുകളുടെ 4.81% കേസുകള്‍..

ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ആദ്യ ആഴ്ചയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ഉം സമ്പര്‍ക്കത്തിലുടെയുള്ളത് 212 കേസുകളുമായിരുന്നെങ്കില്‍ ഏഴ് തൊട്ട് പതിനാല് വരെ അത് 3036 ഉം 1407 ഉം ആണ്.

ടെസ്റ്റുകളുടെ എണ്ണം ആദ്യ ആഴ്ചയില്‍ അയച്ചിരുന്നത് 54,398 എണ്ണമായിരുന്നു. രണ്ടാം ആഴ്ചയില്‍ അത് ഒരു ലക്ഷത്തിനു മുകളിലാണ് (ലോക്ക് ഡൗണിനു ശേഷമുള്ള എയര്‍പോര്‍ട്ട് ടെസ്റ്റുകള്‍ ചേര്‍ത്തിരിക്കുന്നതുകൊണ്ട് എണ്ണം കൃത്യമാവണമെന്നില്ല)

ജൂലൈ ഒന്നിന് പ്രാദേശിക സമ്പര്‍ക്കം വഴി റിപ്പോര്‍ട്ട് ചെയ്തത് 9% കേസുകളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ആകെ കേസുകളുടെ 70% ഓളം ആയിട്ടുണ്ട്.

സ്ഥിതി അതീവ ഗൗരവമാവുകയാണ് എന്നല്ല, അതീവ ഗൗരവമാണ് എന്ന് തന്നെയാണ് കണക്കുകള്‍ കാണുമ്പോള്‍ തോന്നുന്നത്.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..