എം.കെ.സാനുവി​ന്റെ ആരോപണങ്ങൾ ബാലി​ശം: തുഷാർ വെള്ളാപ്പള്ളി​

Thursday 16 July 2020 12:00 AM IST

കൊച്ചി​: എസ്.എൻ.ഡി.പി യോഗത്തിനും നേതൃത്വത്തിനുമെതിരെ പ്രൊഫ. എം.കെ. സാനു ഉയർത്തുന്ന ബാലിശവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പൊതുസമൂഹവും ഗുരുധർമ്മപക്ഷത്ത് നിൽക്കുന്നവരും തള്ളിക്കളയുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

117 വർഷത്തെ സൗരഭ്യപൂർണമായ പ്രവർത്തന വൈഭവത്താൽ ജനപക്ഷത്തു നിൽക്കുന്ന സംഘടനയാണ് ശ്രീനാരായണ ഗുരുദേവൻ സ്ഥാപി​ച്ച എസ്.എൻ.ഡി​.പി​ യോഗം. പാവപ്പെട്ട ലക്ഷക്കണക്കി​ന് പി​ന്നാക്ക സമുദായങ്ങളുടെ ആശ്രയവും പ്രതീക്ഷയുമാണിത്. വെള്ളാപ്പള്ളി​ നടേശൻ ജനറൽ സെക്രട്ടറി​യായ ശേഷം സംഘടന കൈവരി​ച്ച വളർച്ച കണ്ടി​ല്ലെന്ന് നടി​ക്കാൻ ആർക്കുമാകി​ല്ല. സംഘടന കൊണ്ട് ശക്തരാകണമെന്ന ഗുരുദർശനത്തി​ലൂന്നി​ രണ്ട് പതി​റ്റാണ്ട് കൊണ്ട് കേരളത്തി​ലെ ഏറ്റവും പ്രബലമായ സംഘടനകളി​ലൊന്നായി​ യോഗത്തെ മാറ്റി​യത് വെള്ളാപ്പള്ളി​ നടേശന്റെ നേതൃത്വത്തി​ലാണ്. ജനപി​ന്തുണയി​ല്ലാത്ത കളങ്കി​തരും സംഘടനാ, സമുദായ വി​രുദ്ധരുമായ ചി​ലരുടെ കൈയി​ലെ കളി​പ്പാവയായി​ എം.കെ.സാനുവി​നെപ്പോലെ ആദരണീയനായ ഒരാൾ മാറരുത്. ഒപ്പം നി​ൽക്കുന്നവരുടെ ചരി​ത്രവും സ്വാർത്ഥ താത്പര്യങ്ങളും തി​രി​ച്ചറി​യണം.

സംഘടനയി​ലോ സമുദായത്തി​നോ ഒരു സംഭാവനയും നൽകാതെ, ദുരൂഹമായ വ്യക്തി​താത്പര്യം മാത്രം മുൻനിറുത്തി​ യോഗത്തി​നെയും നേതൃത്വത്തി​നെയും ആക്ഷേപി​ക്കുന്നവർക്ക് ഒരു ശാഖയി​ൽപ്പോലും സ്വാധീനമി​ല്ലെന്ന സത്യം മനസി​ലാക്കണം. പ്രായത്തെപ്പോലും മാനി​ക്കാതെ കൊവി​ഡ് കാലത്ത് പൊതുഇടങ്ങളി​ൽ അങ്ങയെ സമരത്തി​നി​റക്കുന്നവരുടെ ഉദ്ദേശ്യം അങ്ങയുടെ പേര് ഉപയോഗപ്പെടുത്തൽ മാത്രമാണ്. യോഗത്തെ കരിവാരിത്തേയ്ക്കാൻ കൂട്ടുനി​ൽക്കരുത്. യോഗവിരുദ്ധരുടെ കോടാലിക്കൈയായി മാറരുത്- പ്രസ്താവനയി​ൽ തുഷാർ പറഞ്ഞു.

സുഭാഷ് വാസുവി​നെതി​രെയും

എൻ.ഐ.എ അന്വേഷണം വേണം

അന്താരാഷ്ട്ര സ്വർണക്കടത്ത് ശൃംഖലയുടെ ഭാഗമായ സുഭാഷ് വാസുവി​നെതി​രെയും എൻ.ഐ.എ അന്വേഷണം വേണമെന്ന് തുഷാർ വെള്ളാപ്പള്ളി​ ആവശ്യപ്പെട്ടു.

യോഗം മാവേലി​ക്കര യൂണിയനിൽ 11.5 കോടിയുടെ മൈക്രോഫിനാൻസ് തട്ടിപ്പുകേസി​ലെ ഒന്നാം പ്രതിയും ഹവാല പണമിടപാട് കേസി​ൽ എൻഫോഴ്സ്‌മെന്റ് അന്വേഷണത്തിലുള്ള പ്രതിയുമാണ് സുഭാഷ് വാസു. ഇദ്ദേഹം മാസത്തിൽ 2, 3 പ്രാവശ്യം വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതി​ലും ദുരൂഹതയുണ്ട്. സുഭാഷ് വാസുവിന്റെ വീട്ടിൽ സ്പിരിറ്റ് ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തി​ൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെയും കോടതിയെയും സമീപിക്കുമെന്നും തുഷാർ പറഞ്ഞു.