15 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം
കൊല്ലം: കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട 15 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. കൊല്ലം വെസ്റ്റ്, കണ്ണനല്ലൂർ, കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലായത്.
ചിറ്റുമലയിൽ മുങ്ങി മരിച്ച നെടുമ്പന സ്വദേശിയായ വയോധികയ്ക്ക് മൃതദേഹ സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയുമായി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾക്ക് പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരാതി സ്വീകരിക്കുകയും ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്ത സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
നെടുമ്പന സ്വദേശിയായ വയോധികയുടെ മൃതദേഹം തിരിച്ചറിയാനെത്തിയ ബന്ധുക്കൾ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിലുമെത്തിയിരുന്നു. ഇവരുമായി സമ്പർക്കമുണ്ടായ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
വഴിയാത്രക്കാരന്റെ വാഹനം മോഷ്ടിച്ചതിന് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ചവറ സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്‌ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ എസ്.ഐ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. കണ്ണനല്ലൂർ, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും കുറച്ച് ദിവസങ്ങൾ കൂടി നിരീക്ഷണത്തിലും വിശ്രമത്തിലും കഴിയാനാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചത്.