ഒരു മന്ത്രിയല്ല പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് ബന്ധമുള്ളവർ ഇനിയുമുണ്ടെന്ന് കെ.സുരേന്ദ്രൻ

Thursday 16 July 2020 12:39 PM IST

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തതു കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും രാജിവച്ചൊഴിയണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രി ജലീൽ കള്ളം പറയാൻ റംസാൻ പോലും ഉപയോഗിക്കുന്നു. ഒരു മന്ത്രിയിലിത് അവസാനിക്കില്ല. പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരം പുറത്തുവരും. മുഖ്യമന്ത്രിക്ക് രാജിവക്കേണ്ടതായി വരും. പരസ്യമായി നാണംകെടുന്നതിന് മുമ്പ് പിണറായി രാജിവച്ച് പുറത്തുപോകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസിൽ മന്ത്രി ഇ.പി ജയരാജന്റെ പങ്കും അന്വേഷിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കൈകാര്യം ചെയ്യുന്ന വിഭാഗം പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന കേസാണിത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.

അരുൺ ബാലചന്ദ്രൻ സി.പി.എം സഹയാത്രികനാണ്. സി.പി.എമ്മുകാരുടെ നിയമനമാണ് ഐ.ടി വകുപ്പിൽ നടക്കുന്നത്. മുഖ്യമന്ത്രിയറിഞ്ഞുകൊണ്ടാണ് അനധികൃത നിയമനങ്ങളെല്ലാം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് ബന്ധമുള്ളവർ ഇനിയുമുണ്ട്. അവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.