ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു, യു.എ.ഇയിലേക്ക് കടന്ന അറ്റാഷെയുടെ കാര്യത്തിൽ പ്രതികരിക്കാതെ യു.എ.ഇ
ന്യൂഡൽഹി : സ്വർണക്കള്ളക്കടത്ത് കേസിലെ പ്രധാന കണ്ണികളിലൊരാളായ ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. നിലവിൽ യു.എ.ഇയിലുള്ള ഫൈസൽ ഇവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി.
അതേ സമയം, രാജ്യം വിട്ട യു.എ.ഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കത്തിന് യു.എ.ഇ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ അധികൃതർ വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയും കസ്റ്റംസും അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ അറ്റാഷെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോയിരുന്നു. തുടർന്ന് അറ്റാഷെ യു.എ.യിലേക്ക് പോകുകയായിരുന്നു.
സ്വർണം കടത്തിയ നയതന്ത്ര ബാഗ് അറ്റാഷെയുടെ പേരിലാണ് വന്നത്. ഈ ബാഗ് തുറക്കാതിരിക്കാൻ അറ്റാഷെ സമ്മർദ്ദവും ചെലുത്തിയിരുന്നു. എൻ.ഐ.എ കോടതിയിൽ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കേസിലെ പ്രതികൾ തന്നെ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.