മുഖ്യമന്ത്രി ശിവശങ്കറിന്റെ ചട്ടവിരുദ്ധവും വഴിവിട്ടതുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നത് പുത്രീവാത്സല്യം കൂടിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് പി.ടി തോമസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിമർശനവുമായി പി.ടി തോമസ് എം.എൽ.എ. മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചട്ടവിരുദ്ധവും വഴിവിട്ടതുമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നത് പുത്രീവാത്സല്യം കൂടിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക് ഏക ഡയറക്ടർ കമ്പനിയാണ്. ലക്ഷക്കണക്കിന് ഏക ഡയറക്ടർ കമ്പനികൾ ഇന്ത്യയിലുണ്ടെങ്കിലും, അവയിലൊന്നും ബഹുരാഷ്ട്ര കമ്പനികളുടെ ഡയറക്ടർമാർ കൺസൾട്ടന്റുമാരായി പ്രവർത്തിക്കുന്നതായി അറിയില്ല.
എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിന്റെ കൺസൾട്ടന്റ്, ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടർ ജെയ്ക്ക് ബാലകുമാർ എന്ന അമേരിക്കൻ പൗരത്വമുള്ള വ്യക്തിയാണെന്നും, ഇതിൽ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പി.ടി. തോമസ് ആരോപിക്കുന്നു.
പി.ഡബ്ല്യൂ.സിയുമായി ഒരു കരാറും ഉണ്ടാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. അതിനു ശേഷവും പി.ഡബ്ല്യൂ.സിയുമായി പിണറായി വിജയൻ ബന്ധം തുടർന്നത് സംശയം ബലപ്പെടുത്തുന്നു. സംശയത്തിന് കാരണം ആ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം എം. ശിവശങ്കറിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും, അദ്ദേഹവുമായി യാത്ര ചെയ്തവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.