തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടി: ഉത്തരവിറക്കി സർക്കാർ, നീട്ടിയെങ്കിലും ഇളവുകൾ?

Sunday 19 July 2020 9:12 PM IST

തിരുവനന്തപുരം: കൊവിഡ് സാഹചര്യം അതിരൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ ജൂലൈ 28 അർദ്ധരാത്രി വരെ നീട്ടി. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വാർഡുകളിലാണ് ലോക്ക്ഡൗൺ ബാധകമായിട്ടുള്ളതെന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ കൺടൈന്മെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള മുൻപിറങ്ങിയ ഉത്തരവിൽ മാറ്റമില്ല. 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 വകുപ്പുകൾ പ്രകാരമാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഐ.എ.എസ് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലും പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ഇനി പറയുന്നു.

അക്കൗണ്ടന്റ് ജനറൽ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാം. കിൻഫ്ര പാർക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. തൊഴിലാളികൾ അതേ സൈറ്റിൽ തന്നെ താമസിക്കുന്നവരാണെങ്കിൽ കെട്ടിടനിർമാണത്തിനും അനുമതി. അതേസമയം, ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് ജൂലൈ 12ന് പുറത്തിറക്കിയ ഉത്തരവിലെ മറ്റ് നിർദേശങ്ങൾ അതേപടി തന്നെ തുടരുകയും ചെയ്യും.