രാഷ്ട്രീയ ചേരിതിരിവാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നതിനുള്ള ഒരു ഘടകം; പാലക്കാട് കൊവിഡ് സമ്പർക്ക വ്യാപനം, പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി എ.കെ ബാലൻ

Monday 20 July 2020 2:31 PM IST

പാലക്കാട്: പാലക്കാട് ഭയാനകമായ സാഹചര്യമെന്ന് മന്ത്രി എ.കെ ബാലൻ. 67 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്താസമ്മേളനം പൊറാട്ടുനാടകമാണെന്ന് പറഞ്ഞവരോടാണ് ഇത് പറയുന്നത്. സമരങ്ങൾ ഇനിയെങ്കിലും നിർത്തിവയ്ക്കണം. പട്ടാമ്പിയിലെ വ്യാപനം ക്ലസ്റ്റർ ആയി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കെല്ലാം കൃത്യമായി പണം നൽകുന്നുണ്ട്. ഫണ്ടിന്റെ കാര്യത്തിൽ യാതൊരു പ്രശ്‌നവുമില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

ഇനിയുള്ള ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഒരു രൂപത്തിലും രാഷ്ട്രീയം കാണരുത്. രാഷ്ട്രീയ ചേരിതിരിവാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നതിനുള്ള ഒരു ഘടകം. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. പ്രതിഷേധങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ മുഖ്യമന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം നടത്തുമെന്ന് പറയുന്നത് ദുഷ്ട‌ലാക്കോടെയാണ്. കേരളത്തിലെ പാവപ്പെട്ടവരുടെ ജീവൻ ബലിയാടാക്കരുതെന്നും മന്ത്രി പറഞ്ഞു.