മിനിമം ക്രെഡിറ്റ് വേണ്ട, അടുത്ത സെമസ്റ്ററിലേക്ക് കടക്കാം

Monday 20 July 2020 11:59 PM IST

തിരുവനന്തപുരം: കൊവിഡ് മൂലം ബി.ടെക്, ആർക്കിടെക്ട് റഗുലർ,സപ്ളിമെന്ററി പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അടുത്ത സെമസ്റ്ററിലേക്ക് കടക്കുന്നതിന് മിനിമം ക്രെഡിറ്റ് ഈ വർഷം ആവശ്യമില്ലെന്ന് സാങ്കേതിക സർവകലാശാല അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു. രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റർ പരീക്ഷകളാണ് നടത്താനാവാതിരുന്നത്. ഇവർക്ക് മുൻ സെമസ്റ്ററുകളിലെ മാർക്കും കോളേജ് തലത്തിൽ ലഭിച്ച ഇന്റേണൽ മാർക്കും പരിഗണിച്ച് പുതിയ ഗ്രേഡ് നൽകണമെന്നാണ് യു.ജി.സി നിർദ്ദേശം. ഇതോടെ സപ്ളിമെന്ററി പരീക്ഷ എഴുതാൻ കാത്തിരുന്നവർക്കും അടുത്ത സെമസ്റ്ററിലേക്ക് കടക്കാം. ഇയർ ഔട്ട് ആകാതിരിക്കാനാണിത്. എന്നാൽ സപ്ളിമെന്ററി പരീക്ഷകൾ വീണ്ടും നടത്തും. ക്രെഡിറ്റ് ഒഴിവാക്കി അടുത്ത സെമസ്റ്ററുകളിലേക്ക് സ്ഥാനക്കയറ്റം നൽകിയെങ്കിലും സപ്ളിമെന്ററി പരീക്ഷ നടത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ ക്രെഡിറ്റ് നിർണയിക്കുക. എന്നാൽ അവസാന വർഷ പരീക്ഷ നടത്തിയിരിക്കണമെന്നാണ് യു.ജി.സി നിർദ്ദേശം. അതിന്റെ നടത്തിപ്പും മൂല്യനിർണയവും അക്കാഡമിക് കൗൺസിൽ നിയമിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 23 ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിക്കും.

ബി.ടെക് നാലാം സെമസ്റ്ററിൽ നിന്ന് അഞ്ചാം സെമസ്റ്ററിലേക്ക് കടക്കാൻ ഒന്നും രണ്ടും സെമസ്റ്ററുകളിലെ 26 ക്രെഡിറ്റുകൾ വേണം. ആറാം സെമസ്റ്ററിൽ നിന്ന് ഏഴാം സെമസ്റ്ററിലേക്ക് പോകാൻ ആദ്യ നാല് സെമസ്റ്ററുകളിലെ 52 ക്രെഡിറ്റ് വേണം. ഈ രീതികളാണ് ഈ വർഷം വേണ്ടെന്ന് തീരുമാനിച്ചത്.

അടുത്ത സെമസ്റ്ററിന്റെ ഓൺലൈൻ ക്ളാസുകൾ ആഗസ്റ്റ് 3 ന് തുടങ്ങാനാണ് ആലോചന.