കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു,ആയിരത്തോളം പേരുമായി ഇടപഴകിയെന്ന് സംശയം

Tuesday 21 July 2020 12:08 PM IST

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഇയാൾ ഈമാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും നോക്കിയിരുന്നു. ശരീര വേദന ഉൾപ്പെടെയുളള അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവള ഡ്യൂട്ടിനോക്കുന്നതിനിടയിലാവാം രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാൾ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഡിപ്പോ അടച്ചിടണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബന്ധപ്പെട്ട അധികാരികളുടെ സാന്നിദ്ധ്യത്തിൽ ഡിപ്പോയിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തുകയാണ്.

ഇന്നലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകൾ താൽക്കാലികമായി അടച്ചിരുന്നു.