തീപിടിച്ച് സ്വർണവില; പവന് ₹37,000 കടന്നു

Thursday 23 July 2020 3:36 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിൽ ആദ്യമായി പവന് 37,000 രൂപ കടന്നു. 520 രൂപ വർദ്ധിച്ച് 37,280 രൂപയാണ് ഇന്നലെ വില. ഗ്രാം വില 65 രൂപ ഉയർന്ന് 4,660 രൂപയായി. രണ്ടു ദിവസത്തിനിടെ മാത്രം പവന് 680 രൂപയും ഗ്രാമിന് 85 രൂപയും കൂടി. 2020ൽ ഇതുവരെ പവന് കൂടിയത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തളർത്തുമെന്ന വിലയിരുത്തലുണ്ട്. ഓഹരികളിലും കടപ്പത്രങ്ങളിലും ക്രൂഡോയിലിലും മറ്റും സ്ഥിരമായി നിക്ഷേപിച്ചിരുന്നവർ സുരക്ഷിത നിക്ഷേപമായി കണ്ട്, ഇപ്പോൾ സ്വർണത്തിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. സ്വർണാഭരണങ്ങളോടല്ല, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളോടാണ് (ഗോൾഡ് ഇടി.എഫ്) അവർക്ക് പ്രിയം.

₹50,000

കമ്മോഡിറ്രി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിൽ സ്വർണവില ആദ്യമായി 10 ഗ്രാമിന് 50,000 രൂപ കടന്നു. ഇന്നലെ 50,100 രൂപയിലായിരുന്നു വ്യാപാരം.

₹37,280

പവൻ വില (+₹520)

₹4,660

ഗ്രാം വില (+65)

₹8,280

ഈവർഷം ഇതുവരെ പവന് കൂടിയത് 8,280 രൂപ; ഗ്രാമിന് 1,035 രൂപ.

₹40,400

നിലവിൽ മൂന്നു ശതമാനം ജി.എസ്.ടി., 0.25 ശതമാനം സെസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ കൂടിച്ചേരുമ്പോൾ കേരളത്തിൽ ഒരു പവൻ ആഭരണത്തിന് നൽകേണ്ട തുക 40,400 രൂപ.

$1,859/Oz

രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നലെ 1,859 ഡോളർ. കഴിഞ്ഞ ഒമ്പതുവർഷത്തെ ഏറ്രവും ഉയർന്ന വിലയാണിത്. വില 1,875 ഡോളർ ഭേദിച്ചാൽ, കേരളത്തിൽ പവൻ വില 40,000 രൂപ കടക്കും.

വെള്ളിക്കും തിളക്കം

'ഭാവിയിലെ പൊന്ന്" എന്ന വിശേഷണവുമായി വെള്ളി വിലയും മുന്നേറുകയാണ്. രാജ്യാന്തര വില ഇന്നലെ ഔൺസിന് 7.2 ശതമാനം ഉയർന്ന് 22.83 ഡോളറായി. 2013ന് ശേഷമുള്ള ഏറ്രവും ഉയർന്ന വിലയാണിത്. എം.സി.എക്‌സിൽ കിലോയ്ക്ക് വില 61,130 രൂപയാണ്.

0.7%

ലോകത്തെ ഏറ്രവും വലിയ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്‌റ്റിലെ നിക്ഷേപം ഇന്നലെ 0.7 ശതമാനം വർദ്ധിച്ച് 1,219.75 ടണ്ണിലെത്തി.

''സ്വർണവില ഒരു തിരുത്തലിന് (വിലയിറക്കം, ലാഭമെടുപ്പ്) തയ്യാറായില്ലെങ്കിൽ, വരും നാളുകളിൽ കാണാനാവുക അതിശയിപ്പിക്കുന്ന വിലക്കയറ്റമായിരിക്കും""

എസ്. അബ്‌ദുൽ നാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ