പഞ്ചായത്ത് ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലം
മാതാവിനും കുഞ്ഞിനും കൊവിഡ്
ചെറുവത്തൂർ: ജൂലായ് 19 ന് കൊവിഡ് സ്ഥിരീകരിച്ച പടന്ന സ്വദേശിയായ മഞ്ചേശ്വരം പഞ്ചായത്ത് ജീവനക്കാരന്റെ സമ്പർക്ക പട്ടികയിൽ ഒട്ടേറെ പേർ. ദിവസവും പഞ്ചായത്തിൽ പോയിവരുന്ന ജീവനക്കാരനുമായി സമ്പർക്കം ഉണ്ടായെന്ന് കരുതുന്ന പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിലെയും വീടുകളിലെയും 160 ഓളം പേർ ക്വാറന്റൈനിൽ പോയി.
ജീവനക്കാരന്റെ മാതാവിന്റെയും കുഞ്ഞിന്റെയും തൊട്ടടുത്ത ആരാധനാലയത്തിൽ എത്തിയിരുന്ന മറ്റൊരാളുടെയും പരിശോധനാഫലം പോസിറ്റീവായി. അതേസമയം പിതാവിന്റെയും ഭാര്യയുടെയും സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്.
ഈ മാസം 14 ന് ജീവനക്കാരൻ എത്തിയെന്ന് പറയുന്ന തൃക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാർ, നേഴ്‌സുമാർ ഉൾപ്പെടെ 10 പേരും 15 ന് സന്ദർശനം നടത്തിയ തൃക്കരിപ്പൂർ ടൗണിലെ ഒരു ആരാധനാലയത്തിൽ ഉണ്ടായിരുന്ന 15 പേരും ക്വാറന്റൈനിൽ പ്രവേശിച്ചു. 17 ന് പടന്നയിലെ ഒരു ആരാധനാലയത്തിൽ പ്രാർത്ഥന നടത്താനും ജീവനക്കാരൻ എത്തിയിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന 70 ഓളം പേരും ഇദ്ദേഹം സന്ദർശിച്ച പടന്നയിലെയും തൃക്കരിപ്പൂരിലെയും ബന്ധുവീടുകളിലെ 15 പേരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ഇദ്ദേഹം പോയ ഗണേഷ് മുക്കിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്ത് പരിധികളിൽ ഉൾപ്പെടുന്ന നിരവധി സ്ഥലങ്ങളിൽ ഇദ്ദേഹം പോയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും പൊലീസും കടുത്ത ജാഗ്രത പാലിക്കുകയാണ്. കൂടുതൽ പേരിലേക്ക് രോഗബാധ ഇല്ലാതിരിക്കാൻ മുൻകരുതൽ നടപടികൾ പൊലീസും സ്വീകരിക്കുന്നുണ്ട്.