സൗജന്യ ഓൺലൈൻ ചികിത്സയെപ്പറ്റി അറിഞ്ഞില്ല - രോഗികളെ കാത്ത് ഇ-സഞ്ജീവനിയിൽ ഡോക്‌ടർമാർ

Thursday 23 July 2020 1:30 AM IST

മലപ്പുറം: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഓൺലൈനിലൂടെ സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെ സൗജന്യമായി ചികിത്സ തേടാവുന്ന ഇ-സഞ്ജീവനി പദ്ധതിയിൽ രോഗികൾ കുറയുന്നു.

286 സർക്കാർ ഡോക്ടർമാരാണ് പദ്ധതിയിൽ ഉള്ളത്.

ദിവസവും ചികിത്സ തേടുന്നത് ശരാശരി 200 രോഗികൾ മാത്രം. രോഗികൾ കുറവായതിനാൽ ജനറൽ മെഡിസിനിലെ 20 ഡോക്ടർമാരാണ് ദിവസവും കൺസൾട്ടേഷനുള്ളത്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജനറൽ ഒ.പി. മറ്റ് ഡോക്ടർമാർക്ക് ദിവസവും സമയവും നൽകിയിട്ടുണ്ട്.

സ്‌മാർട്ട്ഫോണോ കമ്പ്യൂട്ടറോ മതി ചികിത്സ തേടാൻ. എന്നിട്ടും രോഗികൾ കുറയാൻ കാരണം ബോധവൽക്കരണം ഇല്ലാത്തതാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി ജൂൺ 10നാണ് കേരളത്തിൽ തുടങ്ങിയത്. 41 ദിവസത്തിനിടെ 6,421 പേർ ചികിത്സ തേടി. തുടക്കത്തിൽ കേരളമായിരുന്നു ഒന്നാമത്.

കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒരു ഡോക്ടർക്ക് വീതമാണ് ഇ-സഞ്ജീവനിയിൽ പരിശീലനം നൽകിയത്. വെബ് കാമറയുള്ള കമ്പ്യൂട്ടറും ഉറപ്പാക്കി. തമിഴ്നാട്ടിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മുഴുവൻ ഡോക്ടർമാരും സാധാരണ ഒ.പിക്കൊപ്പം ഓൺലൈൻ സേവനവും നൽകണം. ആശാവർക്കർ, ജെ.പി.എച്ച്.എൻ എന്നിവർ ദിവസം അഞ്ച് ഓൺലൈൻ കൺസൾട്ടേഷൻ ഉറപ്പാക്കണം. വീടുകളിലെത്തി സഞ്ജീവനി ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കണം.

ഒ.പികൾ

ചൊവ്വ, വ്യാഴം ഉച്ചയ്‌ക്ക് 2 - 4 ജീവിതശൈലീ രോഗങ്ങൾ

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 - 12 കൊച്ചിൻ കാൻസർ സെന്ററിലെ ഡോക്ടർമാർ

വ്യാഴം, വെള്ളി വൈകിട്ട് 3 മുതൽ 4 വരെ മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാർ

ചൊവ്വ രാവിലെ 10 - 12ഇംഹാൻസിന്റെ കുട്ടികൾക്കുള്ള ഒ.പി

ബുധൻ രാവിലെ 10 -12 മുതിർന്നവർക്കുള്ള സൈക്യാട്രി ഒ.പി

ഈ ആഴ്ച മുതൽ ആർ.സി.സിയും പദ്ധതിയുടെ ഭാഗമാവും

 രജിസ്റ്റർ ചെയ്യാൻ

1. www.esanjeevaniopd.in വെബ്‌സൈറ്റിൽ രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക. ഇ-സഞ്ജീവനി ആപ്പും ലഭ്യം.

2.ഒ.ടി.പി നൽകി പേര്, വയസ്, വിലാസം, ചികിത്സാരേഖകൾ സമർപ്പിക്കാം.

3. ജനറേറ്റ് പേഷ്യന്റ് ഐ.ഡി, ടോക്കൺ നമ്പർ എന്നതിൽ ക്ലിക്ക് ചെയ്യുക.

4. മൊബൈലിൽ വരുന്ന ഐ.ഡിയും ടോക്കൺ നമ്പരും ടൈപ്പ് ചെയ്യുമ്പോൾ ക്യൂവിലാകും. ഡോക്ടറുടെ വീഡിയോ കാൾ വരും

5. മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം.

ഇന്നലെ ചികിത്സ നേടിയവർ

 തമിഴ്നാട്-1,440

 ഉത്തർപ്രദേശ്- 1,041

 കേരളം- 209

കൂടുതൽ മനോരോഗ വിദഗ്ദ്ധരെ ഉൾപ്പെടുത്തും. ഇ-പ്രിസ്ക്രിപ്ഷനിലെ മരുന്നുകൾ പഞ്ചായത്തുകളിലൂടെ രോഗികൾക്ക് എത്തിക്കുന്നതും പരിഗണനയിലുണ്ട്".

- ഡോ.വി‌.എസ്. ദിവ്യ,​ നോഡൽ ഓഫീസർ